ചിന്താവിഷ്ടയായ ശ്യാമള ചെയ്യുമ്പോള്‍ എനിക്ക് പത്തൊമ്പതു വയസാണ്. ശ്യാമളയ്‌ക്ക് ലഭിച്ച അംഗീകാരങ്ങള്‍ക്കും ശ്യാമളയെ ഇന്നും ജനങ്ങള്‍ ഓര്‍ക്കുന്നുന്നതിനും കാരണക്കാരന്‍ ശ്രീനി സര്‍ ആണ്. മുഴുവന്‍ ക്രെഡിറ്റും അദ്ദേഹത്തിനാണ്.
ശ്യാമളയുടെ സമയത്ത് സാറുമായി അങ്ങനെ സംസാരമൊന്നും അധികം ഉണ്ടായിരുന്നില്ല. സിനിമ ഇറങ്ങിക്കഴിഞ്ഞ ശേഷമാണ് ആ കഥാപാത്രത്തിന്റെ വില തിരിച്ചറിയുന്നത്. വലിയ ഭാഗ്യമാണ് ആ സിനിമ. ചിന്താവിഷ്ടയായ ശ്യാമളയ്‌ക്ക് ശേഷം കുറേക്കാലം സാറിനെ കാണാന്‍ സാധിച്ചിരുന്നില്ല. പിന്നീടാണ് നഗരവാരിധി നടുവില്‍ ഞാന്‍ എന്ന സിനിമയ്‌ക്കായി സാറെന്നെ വിളിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് സുഖമില്ലാതിരിക്കുന്ന സമയത്ത് അദ്ദേഹത്തെ വീട്ടില്‍ പോയി കണ്ടു. അതിനുശേഷം ഹൃദയപൂര്‍വത്തിന്റെ സെറ്റിലും സര്‍ വന്നിരുന്നു.
നഗരവാരിധിയുടെ ചിത്രീകരണത്തിനിടയാലാണ് അദ്ദേഹവുമായി കൂടുതല്‍ സംസാരിക്കാന്‍ സാധിച്ചത്. അപ്പോഴേക്കും സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം സംസാരിച്ചു. എന്റെ ചലച്ചിത്ര ജീവിതത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന പേര്, എന്നെ ശ്യാമളയാക്കിയ അദ്ദേഹത്തിന്റേതാണ്.
അസുഖം ബാധിച്ച ശേഷം വീട്ടില്‍ പോയി കണ്ട അദ്ദേഹം ഏറെ മാറിയിരുന്നു. അദ്ദേഹത്തെ അങ്ങിനെ കാണേണ്ടിവന്നത് ഏറെ വേദനയായിരുന്നു. എങ്കിലും നര്‍മം കലര്‍ത്തിയുള്ള സംസാരരീതിയ്‌ക്ക് മാറ്റമില്ലായിരുന്നു. ശ്രീനി സര്‍ ഇനിയില്ലെന്ന സത്യം ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണ്.
















