ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ തുടരുന്ന പ്രതിഷേധങ്ങള്‍ക്കും ഭാരത ഹൈക്കമ്മിഷന് നേരെയുള്ള ആക്രമണങ്ങള്‍ക്കും പിന്നില്‍ പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയെന്ന് റിപ്പോര്‍ട്ടുകള്‍.
ജമാഅത്തെ ഇസ്ലാമി, ഇന്‍ഖിലാബ് മഞ്ച് പോലുള്ള ഗ്രൂപ്പുകളിലൂടെ മത തീവ്രവാദം പ്രോത്സാഹിപ്പിക്കുക, അതുവഴി പാകിസ്ഥാനിലേതിന് സമാനമായ ഒരു ഭാരത വിരുദ്ധത ബംഗ്ലാദേശില്‍ ഉണ്ടാക്കിയെടുക്കുക തുടങ്ങിയവയാണ് ഐഎസ്ഐ ലക്ഷ്യംവെച്ചിരിക്കുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
2024ല്‍ ഷെയ്ഖ് ഹസീനയുടെ സര്‍ക്കാര്‍ വീണതിന് പിന്നാലെയാണ് ഐഎസ്ഐ ബംഗ്ലാദേശിന്റെ രാഷ്‌ട്രീയ- സുരക്ഷാ രംഗങ്ങളില്‍ സ്വാധീനമുണ്ടാക്കിക്കൊണ്ട് കൂടുതല്‍ ശക്തിപ്രാപിച്ചത്. ധാക്കയിലെ പാകിസ്ഥാന്‍ ഹൈക്കമ്മിഷനില്‍ ഐഎസ്ഐയുടെ ഒരു പ്രത്യേക സെല്‍ സ്ഥാപിച്ചതായുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു. ഈ യൂണിറ്റില്‍ ഉയര്‍ന്ന റാങ്കിലുള്ള സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.
2025 ഒക്ടോബറില്‍ പാകിസ്ഥാന്‍ ജോ. ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സ ധാക്ക സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശന വേളയില്‍, ജനറല്‍ മിര്‍സയും ഉന്നത ഐഎസ്ഐ ഉദ്യോഗസ്ഥരും ബംഗ്ലാദേശിന്റെ നാഷണല്‍ സെക്യൂരിറ്റി ഇന്റലിജന്‍സും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോഴ്സസ് ഇന്റലിജന്‍സും നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതിന്റെ ഫലമായാണ് ബംഗാള്‍ ഉള്‍ക്കടല്‍ നിരീക്ഷണം ലക്ഷ്യമിട്ടുള്ള സംയുക്ത രഹസ്യാന്വേഷണ സംവിധാനം രൂപപ്പെട്ടത്. ഇത് ഭാരതത്തിന്റെ കിഴക്കന്‍ അതിര്‍ത്തികള്‍ നിരീക്ഷിക്കുന്നതിനുള്ള സംവിധാനമായിട്ടാണ് കണക്കാക്കപ്പെടുന്നത്. പാകിസ്ഥാന്‍- ബംഗ്ലാദേശ് പുതിയ ബന്ധത്തെക്കുറിച്ച് ഭാരതത്തിന് ഇതിനോടകം തന്നെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.
















