ന്യൂദല്‍ഹി : തൃശൂര്‍-ഗുരുവായൂര്‍ പാതയില്‍ തീര്‍ത്ഥാടന-സാംസ്‌കാരിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.റെയില്‍ വേ മന്ത്രിയെ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി ഈ റൂട്ടില്‍ ഉച്ചയ്‌ക്ക് 12 മണി മുതല്‍ രാത്രി 9:15 വരെ ട്രെയിനുകള്‍ ഇല്ലാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അശ്വിനി വൈഷ്ണവ് ഈ നിര്‍ദ്ദേശം നല്‍കിയത്.
അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി സുരേഷ് ഗോപി അറിയിച്ചു.
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം വികസനം അതിവേഗം പൂര്‍ത്തിയാക്കാനും അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തൃശൂര്‍ സ്റ്റേഷനിലെ തിരക്ക് കുറയ്‌ക്കാനും തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലേക്ക് ഭക്തര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും ഇരിങ്ങാലക്കുട സ്റ്റേഷന്‍ വികസിപ്പിക്കുന്നത് ഉപകരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു..
ഇരിങ്ങാലക്കുട – തിരൂര്‍ പാത യാഥാര്‍ത്ഥ്യമാക്കുന്നതിന് റെയില്‍വേ മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടെങ്കിലും കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആവശ്യമായ സഹകരണം ലഭിക്കുന്നില്ലെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
















