പാലക്കാട്: ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദത്തിനിരയായി കൊല്ലപ്പെട്ട രാംനാരായണ്‍ ഭയ്യാര്‍ കേരളത്തിലെത്തിയത് നാല് ദിവസം മുമ്പ്. കെട്ടിട നിര്‍മാണ മേഖലയില്‍ തൊഴിലന്വേഷിച്ചാണ് നാലുദിവസം മുമ്പ് പാലക്കാട്ടെത്തിയതെന്ന് ബന്ധു ശശികാന്ത് ബഗേല്‍ പറഞ്ഞു. രാംനാരായണനെതിരെ നാട്ടില്‍ ഒരു കേസു പോലുമില്ല. വഴിതെറ്റിയാകാം സംഭവസ്ഥലത്ത് എത്തിയത്. ജോലി ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിക്കാനിരുന്നതാണെന്നും ബന്ധു പറയുന്നു. മദ്യപിക്കാറുണ്ടെങ്കിലും ആരെയും ഉപദ്രവിക്കുന്ന പ്രകൃതക്കാരനല്ല. എട്ടും പത്തും വയസുള്ള രണ്ട് മക്കളുണ്ടെന്നും ബന്ധു ശശികാന്ത് ബഗേല്‍ പറഞ്ഞു.
കഞ്ചിക്കോട്ടെ ഒരു സ്ഥാപനത്തിലാണ് രാംനാരായണന്‍ ജോലിക്കെത്തിയത്. കഴിഞ്ഞ ദിവസം താമസസ്ഥലത്ത് നിന്നും ഇറങ്ങി. മദ്യപിച്ച് കടയോരങ്ങളിലും മറ്റും കിടന്നു. ബുധനാഴ്ച ഉച്ചയ്‌ക്ക് ശേഷമാണ് കിഴക്കേ അട്ടപ്പള്ളത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ പണിചെയ്തിരുന്ന സ്ഥലത്ത് വീടിനും കടകള്‍ക്കും സമീപം രാംനാരായണിനെ കണ്ടത്. തൊഴിലുറപ്പ് തൊഴിലാളികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന യുവാക്കള്‍ സ്ഥലത്തെത്തി ഇയാളെ പിടികൂടി.
മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. എന്നാല്‍, കൈയില്‍ മോഷണവസ്തുക്കളൊന്നും ഉണ്ടായിരുന്നില്ല. മര്‍ദനമേറ്റ് കുഴുഞ്ഞുവീണ ഇയാളെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യപാര സ്ഥാപനങ്ങളില്‍ നിന്ന് സാധനസാമഗ്രികള്‍ മോഷ്ടിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.
ഇന്നലെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. എന്നാല്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലായിരുന്നു ബന്ധുക്കള്‍. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
















