തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹനച്ചട്ടം പാടേ ലംഘിച്ച്, അതിനു കടക വിരുദ്ധമായ പുതിയ നിയമവുമായി കേരളം. കേന്ദ്ര നിയമ പ്രകാരം 15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗശൂന്യമാണ്, അവ പൊളിക്കണം. ഈ വ്യവസ്ഥ തള്ളി സര്‍ക്കാര്‍ വാഹനങ്ങള്‍ 20 വര്‍ഷം വരെ ഉപയോഗിക്കാമെന്നാണ് ഭേദഗതി ചെയ്യുന്നത്. ഇതിന്റെ കരടുവിജ്ഞാപനം ഇറങ്ങി.
സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ വാഹനങ്ങള്‍ 20 വര്‍ഷം ഉപയോഗിക്കാമെന്നാണ് ഭേദഗതി. അപകടങ്ങള്‍ കുറയ്‌ക്കാനും മലിനീകരണം തടയാനുമാണ് 15 വര്‍ഷമെന്ന പരിധി കേന്ദ്രം കൊണ്ടുവന്നത്.
കേരള നടപടി വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പഴഞ്ചന്‍ ബസുകള്‍ നിരത്തിലിറക്കുന്നത് ദുരന്തങ്ങള്‍ക്കു വഴിവയ്‌ക്കുമെന്നും വലിയ തോതില്‍ പരിസ്ഥിതി മലിനീകരണമുണ്ടാക്കുമെന്നുമാണ് ആശങ്ക.
വാഹനച്ചട്ടത്തില്‍, കേരളത്തിനു ഭേദഗതി വരുത്താമെങ്കിലും അതു കേന്ദ്ര വിരുദ്ധമാകരുതെന്നാണ് വ്യവസ്ഥ. കേരളം ഇതു പാടേ ലംഘിച്ചു. വാഹനങ്ങളുടെ കാലാവധി നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ല. ഈ വ്യവസ്ഥയും ലംഘിച്ചു.
പഴയ വാഹനങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് 2021ല്‍ കേന്ദ്രം നയം കൊണ്ടുവന്നിരുന്നു. ഇതനുസരിച്ച് കേരളത്തിലെ, 15 വര്‍ഷത്തിലേറെ പഴക്കമുള്ള 4500 സര്‍ക്കാര്‍ വാഹനങ്ങളുടെയും 1115 കെഎസ്ആര്‍ടിസി ബസുകളുടെയും രജിസ്‌ട്രേഷന്‍ റദ്ദായിരുന്നു. സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കാന്‍ തീരുമാനിച്ചപ്പോള്‍, പ്രത്യേക ഉത്തരവിലൂടെ രണ്ടുതവണ കാലാവധി നീട്ടി കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറക്കി. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ നിയമം.
കേന്ദ്രത്തിന്റെ ‘വാഹന്‍’ വെബ്‌സൈറ്റില്‍ ഇവയുടെ രജിസ്‌ട്രേഷന്‍ റദ്ദായതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ രജിസ്റ്ററില്‍ എഴുതിയാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്കുന്നത്. ആറ് മാസത്തിനുള്ളില്‍ 900 ബസുകളുടെ രജിസ്‌ട്രേഷന്‍ കൂടി റദ്ദാകും.
















