കട്ടക്ക്: 16 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ ബംഗാളിനെതിരെ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റിന് 165 റണ്‍സെന്ന നിലയിലാണ് കേരളം. 62 റണ്‍സെടുത്ത ധീരജ് ഗോപിനാഥിന്റെ ഇന്നിങ്സാണ് കേരളത്തെ വലിയൊരു തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള കേരളത്തിന്റെ തീരുമാനം തിരിച്ചടിയാകുന്നതാണ് തുടക്കത്തില്‍ തന്നെ കണ്ടത്. സ്കോര്‍ അഞ്ചില്‍ നില്‍ക്കെ അതിതീശ്വര്‍ റണ്ണൗട്ടായി. ഇഷാന് എം രാജും വിശാല്‍ ജോര്‍ജും 23 റണ്‍സ് വീതം നേടി മടങ്ങി. തുടരെ നാല് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ടതോടെ ഏഴിന് 91 റണ്‍സെന്ന നിലയിലായി.
എസ് വി ആദിത്യനൊപ്പം ചേര്‍ന്ന് ധീരജ് ഗോപിനാഥ് കൂട്ടിച്ചേര്‍ത്ത 71 റണ്‍സാണ് കേരളത്തെ വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 226 പന്തുകള്‍ നേരിട്ട ധീരജ് എട്ട് ബൗണ്ടറികളടക്കം 62 റണ്‍സെടുത്താണ് പുറത്തായത്. 117 പന്തുകളില്‍ നിന്ന് 29 റണ്‍സുമായി ആദിത്യന് പുറത്താകാതെ നില്‍ക്കുകയാണ്. ബംഗാളിന് വേണ്ടി ത്രിപര്‍ണ്ണ സമന്ത മൂന്നും ഉത്സവ് ശുക്ല രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.















