തിരുവനന്തപുരം: പരോളിനു മാത്രമല്ല ജയില്‍ പുള്ളികള്‍ക്ക് ജയിലുകളില്‍ സൗകര്യങ്ങളും ആനുകൂലങ്ങളും ലഭ്യമാക്കാനും ജീവനക്കാര്‍ക്ക് അവധി നേടാനും എല്ലാം ഡിഐജി വിനോദ്കുമാര്‍ കോഴ വാങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിജിലന്‍സ് വിപുലമായ അന്വേഷണം തുടങ്ങിയത്. ഈ സാഹചര്യത്തില്‍ വിനോദിന്റെ അനധികൃത സ്വത്തും അന്വേഷിക്കും.
ജയില്‍ ഡിജിപി മനോജ് ഏബ്രഹാമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പരോളിനും അത് നീട്ടി നല്‍കാനും തടവുപുള്ളികളുടെ ബന്ധുക്കളില്‍ നിന്ന് പണം വാങ്ങുമായിരുന്നു. ഇയാളുടെ വഴിവിട്ട നടപടികള്‍ മാസങ്ങളായി വിജിലന്‍സ് നിരീക്ഷിക്കുകയായിരുന്നു. സിപിഎം നേതൃത്വവുമായുള്ള അടുത്ത ബന്ധം മുതലാക്കിയാണ് ഇയാള്‍ അഴിമതി നടത്തിയിരുന്നത്.
ഈ സ്വാധീനം മറയാക്കി മറ്റ് ഉദ്യോഗസ്ഥരെ വിരട്ടിയും കാര്യങ്ങള്‍ നടത്തുമായിരുന്നു. വിയ്യൂരെ ചില തടവുപുള്ളികള്‍ക്ക് സൗകര്യം ഒരുക്കാന്‍ ഇയാള്‍ പണം വാങ്ങിയത് വിരമിച്ച ഒരു ജയില്‍ ഉദ്യോഗസ്ഥനെ മറയാക്കിയായിരുന്നു. ഇത് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഒരു ജയില്‍ ഉദ്യോഗസ്ഥനില്‍ നിന്ന് സ്ഥലം മാറ്റത്തിന് ഗൂഗിള്‍ പേ വഴി കോഴ വാങ്ങിയതും കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് വിജിലന്‍സ് കേസ് എടുത്ത് വിപുലമായ അന്വേഷണം തുടങ്ങിയതും.
സ്ഥിരമായി ജോലിക്ക് ഹാജരാകാതിരുന്നതിന് ഇയാള്‍ കണ്ണൂര്‍ ജയിലില്‍ ഉദ്യോഗസ്ഥനായിരിക്കെ സസ്‌പെന്‍ഷന്‍ ലഭിച്ചിട്ടുണ്ട്. ടിപി കേസിലെ പ്രതികള്‍ക്ക് വിയ്യൂരില്‍ വഴിവിട്ട് സൗകര്യങ്ങള്‍ ഒരുക്കിയതും ഇയാളാണെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. ഇതിനും സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ഇയാളെ ജയില്‍ വകുപ്പിലെ ഉന്നതസ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചത്.
ഗുരുതര വീഴ്ചകള്‍ വരുത്തിയിട്ടും ഇയാളെ ജയില്‍ ആസ്ഥാനത്തു നിന്ന് മാറ്റിയുമില്ല. ഇതു സംബന്ധിച്ച് പല തവണ ഇയാള്‍ക്ക് എതിരെ പരാതി ലഭിച്ചിരുന്നു. വിരമിക്കാന്‍ വെറും നാലു മാസം മാത്രം ബാക്കിനില്‍ക്കെയാണ് വിജിലന്‍സ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്.












