പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് ദേവസ്വം ബോര്‍ഡുകള്‍ ഭരിച്ച സിപിഎമ്മുകാര്‍ ശബരിമലയില്‍ നടത്തിയ സ്വര്‍ണക്കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണല്ലോ. ഇതേക്കുറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ ഫലമായി നിരവധി സിപിഎം നേതാക്കള്‍ ജാമ്യം പോലും ലഭിക്കാതെ ജയിലില്‍ കിടക്കുകയാണ്. തെളിവുകള്‍ നശിപ്പിച്ച് ഇവരെ രക്ഷപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും, ഇപ്പോഴത്തെ ഹ മന്ത്രി വി. എന്‍. വാസവനും മറ്റുമെതിരെ ഗുരുതരമായ ആരോപണങ്ങളും ഉയര്‍ന്നിരിക്കുകയാണ്. ഇവര്‍ക്കും വളരെ ആസൂത്രിതമായി കവചം ഒരുക്കുകയാണ് പിണറായി സര്‍ക്കാര്‍.
ഇതിനിടെ അധികാരത്തിന്റെ ബലത്തില്‍ റവന്യു വകുപ്പ് ഹൈന്ദവ ക്ഷേത്രങ്ങളുടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി തട്ടിയെടുത്തതും വെളിപ്പെട്ടിരിക്കുന്നു. ദേശീയപാതാ നിര്‍മ്മാണത്തിനു വേണ്ടി ഏറ്റെടുത്ത ക്ഷേത്ര ഭൂമി പുറമ്പോക്കാണെന്ന് രേഖയുണ്ടാക്കിയാണ് ഇടതു മുന്നണി സര്‍ക്കാര്‍ ഈ കൊടും ചതി ചെയ്തത്. നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ നിന്ന് നഷ്ടപരിഹാരമായി ലഭിച്ച കോടിക്കണക്കിന് രൂപയും സര്‍ക്കാര്‍ കൈവശപ്പെടുത്തി. റീസര്‍വ്വേയുടെ മറവില്‍ ദേവസ്വം ഭൂമികള്‍ സര്‍ക്കാര്‍ തന്ത്രപരമായി പുറമ്പോക്കാക്കി മാറ്റിയിരുന്നു. ഹൈവേ വികസനത്തിന് ഈ ഭൂമി ഏറ്റെടുത്തപ്പോഴാണ് കള്ളം വെളിച്ചത്തായത്. തട്ടിപ്പിന് മറയിടാന്‍ ദേവസ്വത്തിന്റെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമിയെന്ന് പരാമര്‍ശിച്ച് ഉത്തരവുമിറക്കി.
ബ്രിട്ടീഷ് ഭരണകാലത്ത് കേണല്‍ മണ്‍റോ തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും ദിവാനാ യിരിക്കെ റീസര്‍വേ നടത്തി ക്ഷേത്ര ഭൂമികള്‍ സര്‍ക്കാര്‍ പുറമ്പോക്കാക്കി മാറ്റിയിരുന്നു. ഒരു ലക്ഷത്തിലധികം ഏക്കറാണ് ക്ഷേത്രങ്ങള്‍ക്ക് ഇതുവഴി നഷ്ടപ്പെട്ടതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹിന്ദു വിരുദ്ധമായ ഈ നടപടിയുടെ തനിയാവര്‍ത്തനമാണ് പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ ഉണ്ടായിരിക്കുന്നത്. സാമ്രാജ്യത്വ ഭരണാധികാരികളുടെ ഹിന്ദുവിരോധം യാതൊരു മാറ്റവും കൂടാതെ നിരീശ്വരവാദികളുടെ ഇടതു സര്‍ക്കാര്‍ പിന്തുടരുന്നു എന്നതാണ് വ്യക്തമാവുന്നത്. ശബരിമലയിലേതുപോലെ ക്ഷേത്രാചാരങ്ങള്‍ ലംഘിച്ചാല്‍, ക്ഷേത്രഭൂമി കൊള്ള ചെയ്താല്‍ ചോദിക്കാനും പറയാനും ആരുമില്ലെന്ന ധാര്‍ഷ്ട്യമാണ് പിണറായി സര്‍ക്കാരിനുള്ളത്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്‌ക്ക് സമാനമായി മറ്റ് പ്രമുഖ ക്ഷേത്രങ്ങളുടെ സ്വത്തും ദേവസ്വം ബോര്‍ഡില്‍ കയറിപ്പറ്റിയിരിക്കുന്ന നിരീശ്വരവാദികള്‍ ആസൂത്രിതമായി കൊള്ള ചെയ്തിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.
ദേശീയപാതാ വികസനം വന്നതുകൊണ്ട് മാത്രമാണ് ഇടതു സര്‍ക്കാര്‍ ക്ഷേത്രഭൂമികള്‍ കവര്‍ന്നെടുത്ത വിവരം പുറത്തായത്. പാറശാല മുതല്‍ വടക്കന്‍ പറവൂരിലെ പെരുവനം വരെയുള്ള പല ക്ഷേത്രങ്ങളുടെയും ഭൂമിയാണ് റവന്യൂ രേഖകളില്‍ കൃത്രിമം കാണിച്ച് സര്‍ക്കാര്‍ തട്ടിയെടുത്തത്. പുറമ്പോക്ക് എന്നു രേഖപ്പെടുത്തിയതിനാല്‍ നഷ്ടപരിഹാരം ലഭിക്കില്ലെന്ന് വന്നപ്പോള്‍ ഇതു സംബന്ധിച്ച് ദേവസ്വം ബോര്‍ഡും റവന്യൂ വകുപ്പും തര്‍ക്കത്തിലായി. ദേവസ്വം ബോര്‍ഡിന്റെ കൈവശമുള്ള ഭൂമി ഉടമ്പടി പ്രകാരം സര്‍ക്കാര്‍ സൗജന്യമായി നല്‍കിയതാണെന്നും, അതിനാല്‍ നഷ്ടപരിഹാരം ധനവകുപ്പിന് അവകാശപ്പെട്ടതാണെന്നും ഉത്തരവിറക്കി. അതായത് വളരെ ആസൂത്രിതമായി ക്ഷേത്ര സ്വത്ത് കവര്‍ന്നെടുക്കുകയാണ് ചെയ്തിട്ടുള്ളതെന്നര്‍ത്ഥം. ഈ അനീതിക്ക് നിന്നു കൊടുക്കാന്‍ ഹിന്ദു സമൂഹം ഒരിക്കലും തയ്യാറാവരുത്. ഇത് ദേവസ്വം ബോര്‍ഡിന്റെ മാത്രം പ്രശ്‌നമല്ല, ഹിന്ദുക്കളുടെ അഭിമാനത്തിന്റെയും നിലനില്‍പ്പിന്റെയും പ്രശ്‌നമാണ്. പിണറായി സര്‍ക്കാരിന്റെ ക്ഷേത്ര ധ്വംസനത്തെ നിയമപരമായി നേരിടാന്‍ വിശ്വാസികളും ഹിന്ദു സംഘടനകളും തയ്യാറാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
















