മട്ടാഞ്ചേരി: സമുദ്രാന്തര്‍ മേഖലയിലും രാജ്യസുരക്ഷയിലും ഭാരത നാവികസേനയുടെ കരുത്തേറുകയാണെന്നു ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന പറഞ്ഞു. കൊച്ചി നാവിക സേനാ കേന്ദ്രത്തില്‍ പുതുതായി നിര്‍മിച്ച ഡൈവിങ് സപ്പോര്‍ട്ട് ക്രാഫ്റ്റ് എ 20 കമ്മീഷന്‍ ചെയ്യുകയായിരുന്നു നാവികസേന മേധാവി. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി കപ്പല്‍ നിര്‍മാണ മേഖലയ്‌ക്ക് വന്‍ കരുത്തായി മാറുകയാണ്.
നാവികസേനയ്‌ക്കായുള്ള കപ്പല്‍ രൂപകല്പന, അത്യാധുനികവല്‍ക്കരിക്കല്‍, സാങ്കേതിക ജ്ഞാനം, നിര്‍മാണം തുടങ്ങി യുദ്ധക്കപ്പലുകള്‍ വരെ നിര്‍മിച്ചുകൊണ്ടുള്ള ശക്തിയായി ഭാരതത്തെ മാറ്റി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആത്മനിര്‍ഭര്‍ ഭാരത് നാവികസേനയില്‍ വന്‍ കുതിപ്പും കരുത്തുമേകി. കഴിഞ്ഞ വര്‍ഷം 10 കപ്പലുകളാണ് നാവികസേന കമ്മീഷന്‍ ചെയ്തത്. ചടങ്ങില്‍ റിയര്‍ അഡ്മിറല്‍ ഉപ്പല്‍ കുണ്ഡു, സജ്ജയ് സാധു ഹേമന്ത് സിങ് ചൗഹാന്‍, സജ്ജയ് പാണ്‌ഡേ എന്നിവര്‍ സംസാരിച്ചു.
തീരദേശ മേഖലയിലും ആഴക്കടലിലും ജലാന്തര്‍ ഭാഗത്ത് കടന്ന് മുങ്ങല്‍ വിദഗ്ധരുടെ സഹായത്താല്‍ കപ്പലുകളടക്കമുള്ളവയുടെ തകരാറുകള്‍ കണ്ടെത്താനും രക്ഷാപ്രവര്‍ത്തനത്തിനും കഴിയുന്ന ആധുനിക സംവിധാനത്തോടെയുള്ള കപ്പലാണ് ഡൈവിങ് സപ്പോര്‍ട്ട് ക്രാഫ്റ്റ്. അഞ്ച് കപ്പലുകളാണ് നാവികസേനക്കായി നിര്‍മിക്കുന്നത്, ഇതിലെ ആദ്യ കപ്പലാണിത്.
















