മൺപാത്രങ്ങൾ കഴിഞ്ഞാൽ ആരോഗ്യകരമായ പാചകത്തിന് ഇന്ന് മിക്കവരും തിരഞ്ഞെടുക്കുന്നത് ഇരുമ്പ് ചട്ടികളാണ്. ഇതില്‍ ഭക്ഷണം ഉണ്ടാക്കുമ്പോള്‍, ഭക്ഷണത്തിൽ ഇരുമ്പിന്റെ അംശം സ്വാഭാവികമായി ചേരുന്നത് വിളർച്ച തടയാൻ സഹായിക്കും എന്നതാണ് ഏറ്റവും വലിയ ഗുണം. എന്നാൽ ഇരുമ്പ് ചട്ടി കൈയ്യിലുണ്ടെന്ന് കരുതി എല്ലാ ഭക്ഷണങ്ങളും അതിൽ പാകം ചെയ്യാൻ പാടില്ല
ഇരുമ്പ് ചട്ടി ശരിയായി സീസണ്‍ ചെയ്തിട്ടില്ലെങ്കില്‍ മുട്ട കൊണ്ടുള്ള വിഭവങ്ങളും ചട്ടിയിൽ ഒട്ടിപ്പിടിക്കാൻ സാധ്യതയുണ്ട്. ഓംലെറ്റും സ്ക്രാമ്പിൾഡ് എഗും ഒക്കെ ഉണ്ടാക്കുമ്പോൾ ഇത് വലിയ ബുദ്ധിമുട്ടാകും. മാത്രമല്ല മുട്ടയിലെ ചില ഘടകങ്ങൾ ഇരുമ്പുമായി ചേരുമ്പോൾ ഓംലെറ്റിന്റെ നിറത്തിൽ നേരിയ മാറ്റം വരാനും ഇടയുണ്ട്
തക്കാളി, നാരങ്ങാനീര്, പുളി, വിനാഗിരി തുടങ്ങിയവ ചേർത്ത വിഭവങ്ങൾ ഇരുമ്പ് ചട്ടിയിൽ വയ്‌ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇവയിലടങ്ങിയ ആസിഡ് ഇരുമ്പുമായി വേഗത്തിൽ പ്രതിപ്രവർത്തിക്കും. ഇത് ഭക്ഷണത്തിന് ലോഹരുചി ഉണ്ടാകുവാന്‍ ഇടയാക്കും. കൂടാതെ ഇത്തരം ഭക്ഷണങ്ങൾ കൂടുതൽ സമയം ചട്ടിയിൽ ഇരുന്നാൽ അവയുടെ നിറം കറുപ്പായി മാറുകയും ചെയ്യും. ചെറിയ നേരം തക്കാളി വഴറ്റുന്നത് കൊണ്ട് കുഴപ്പമില്ലെങ്കിലും മീൻ കറി പോലുള്ള വിഭവങ്ങൾ ഇതിൽ ദീർഘനേരം തിളപ്പിക്കുന്നത് ഒട്ടും നല്ലതല്ല.
ചിലതരം മീനുകൾ, പ്രത്യേകിച്ച് പെട്ടെന്ന് ഉടഞ്ഞുപോകുന്നവ ഇരുമ്പ് ചട്ടിയിൽ പാകം ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഇരുമ്പ് ചട്ടിക്ക് ചൂട് വലിച്ചെടുക്കാനുള്ള ശേഷി കൂടുതലായതിനാൽ മീൻ കഷ്ണങ്ങൾ ചട്ടിയിൽ ഒട്ടിപ്പിടിക്കാൻ സാധ്യതയുണ്ട്
ളുത്തുള്ളി, ഉള്ളി, മസാലകൾ എന്നിവ ചേർത്ത് കറികൾ ഉണ്ടാക്കിയ ശേഷം അതേ ചട്ടിയിൽ മധുരപലഹാരങ്ങളോ മറ്റോ തയാറാക്കിയാൽ പഴയ കറിയുടെ മണം അതിലേക്കും പകരും. അതിനാല്‍ ഒരേ ചട്ടി തന്നെ എല്ലാതരം പാചകത്തിനും ഉപയോഗിക്കരുത്
പാലോ പാലുൽപന്നങ്ങളോ ചേർത്തുണ്ടാക്കുന്ന വിഭവങ്ങൾ ഇരുമ്പ് ചട്ടിയിൽ തയ്യാറാക്കുന്നത് അത്ര നല്ലതല്ല. പായസമോ പാല് ചേർത്ത കറികളോ ഇതിൽ ഉണ്ടാക്കിയാൽ പാലിന്റെ വെളുത്ത നിറം മാറാൻ സാധ്യതയുണ്ട്. കൂടാതെ ഇരുമ്പിന്റെ ചുവ പാലിന്റെ സ്വാദിനെ ബാധിക്കുകയും ചെയ്യും.
















