കൊല്‍ക്കത്ത: ഫുട്ബാള്‍ മാന്ത്രികന്‍ ലയണല്‍ മെസ്സിയുടെ ബംഗാള്‍ സന്ദര്‍ശനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവെച്ചു. മമത ബാനര്‍ജിക്ക് വലിയ രാഷ്‌ട്രീയ തിരിച്ചടിയായിരിക്കുകയാണ് ഈ രാജി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ഏതാനും മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ബംഗാളിനെ പിടിച്ചുകുലുക്കിയ ഈ വിവാദമുണ്ടായത്. ചൊവ്വാഴ്ച മുഖ്യമന്ത്രി മമത ബാനർജിക്കാണ് മന്ത്രി രാജി സമർപ്പിച്ചത്. മമത രാജി സ്വീകരിക്കുകയായിരുന്നു.
മെസ്സിയുടെ കൊല്‍ക്കത്ത സന്ദര്‍ശനം അലങ്കോലമാക്കപ്പെട്ടതിനെ തുടര്‍ന്ന് ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധങ്ങളാണ് ബംഗാളില്‍ നടത്തിയത്. ഇവര്‍ കായികമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ടിരുന്നു. ഇത് മമതയെ പ്രതിരോധത്തിലാക്കിയിരുന്നു. ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. അതിനിടയിലാണ് സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിക്കൊണ്ട് മെസ്സി വിവാദമുണ്ടായത്. മന്ത്രിയുടെ രാജിയോടെ ബിജെപിയുടെ പ്രതിഷേധം ഒതുക്കാന്‍ കഴിയുമെന്നാണ് മമതയുടെ വിശ്വാസം.
വിഷയം നിഷ്പക്ഷമായി അന്വേഷിക്കാൻ വേണ്ടിയാണ് താൻ രാജിവയ്‌ക്കുന്നതെന്ന് മന്ത്രി അരൂപ് ബിശ്വാസ് സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പിൽ വിശദീകരിച്ചു.
ഡിസംബർ 13 നാണ് ലോകപ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സി ഇന്ത്യാ പര്യടനത്തിന് തുടക്കം കുറിച്ച് ബംഗാളില്‍ എത്തിയത്. തലസ്ഥാനമായ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലായിരുന്നു അദ്ദേഹത്തിന്റെ പരിപാടി. എന്നിരുന്നാലും, വ്യാപകമായ കുഴപ്പങ്ങൾ കാരണം പരിപാടി തടസ്സപ്പെട്ടു, ടിക്കറ്റെടുത്ത് സ്റ്റേഡിയത്തില്‍ എത്തിയവര്‍ക്ക് മെസ്സിയെ ഒരു നോക്ക് കാണാന്‍ കഴിയാത്തതില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. മെസ്സിക്കൊപ്പം സെല്‍ഫിയെടുക്കാമെന്ന വാഗ്ദാനത്തിന്റെ പേരില്‍ പതിനായിരം രൂപയുടെ ടിക്കറ്റെടുത്തവര്‍ക്കും മെസ്സിയെ കാണാന്‍ കൂടി കഴിഞ്ഞിരുന്നില്ല. മാത്രമല്ല, സ്റ്റേഡിയത്തില്‍ എത്തിയ ഉടന്‍ മെസ്സി മടങ്ങിപ്പോയതും വലിയ ബഹങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിയൊരുക്കി. ഇത് വലിയ വിവാദങ്ങള്‍ക്കും രാഷ്‌ട്രീയപ്രതിഷേധങ്ങള്‍ക്കും കാരണമായി.
തിങ്കളാഴ്ച നടത്തിയ അവലോകന യോഗത്തിൽ, പരിപാടിക്കിടെ ഉണ്ടായ കുഴപ്പങ്ങൾക്കും ബഹളത്തിനും മുഖ്യമന്ത്രി മമത ബാനർജി ഉദ്യോഗസ്ഥരെയും പാര്‍ട്ടി നേതാക്കളെയും ശാസിച്ചതായി പറയപ്പെടുന്നു. ഇതാണ് കായികമന്ത്രി അരൂപ് ബിശ്വാസിനെ സമ്മര്‍ദ്ദത്തിലാഴ്‌ത്തിയത്. .













