കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയെപ്പോലെയെന്ന പരിഹാസവുമായി ജോസ് കെ മാണി. കോണ്‍ഗ്രസ് എന്തെങ്കിലും നല്‍കിയാല്‍ മേടിച്ചെടുക്കുമെന്നുമാത്രമെന്നും ജോസ് കെ. മാണി വിശദീകരിച്ചു. പ്രസക്തി നഷ്ടപ്പെട്ട മാണി വിഭാഗത്തെ യുഡി എഫില്‍ എടുക്കുന്നതിനെതിരെ ജോസഫ് വിഭാഗം എതിര്‍പ്പുയര്‍ത്തിയതാണ് ജോസ് കെ. മാണിയെ പ്രകോപിപ്പിച്ചത്. തങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ കുറച്ചുകണക്കുകളും ജോസ് കെ. മാണി മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ നിരത്തി.
സംഘടനാപരമായി കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിക്ക് ലഭിക്കേണ്ട വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്‌ദേഹംഅവകാശപ്പെട്ടു. എന്നാല്‍ ഇടതുപക്ഷത്തിന് ലഭിക്കേണ്ട കുറേ വോട്ടുകള്‍ യുഡിഎഫിലേക്ക് പോയിട്ടുണ്ട്. എങ്കിലും 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴിടത്തും എല്‍ഡിഎഫാണെന്ന് ഓര്‍ക്കണമെന്നും ജോസ് കെ മാണി പറഞ്ഞു.
മധ്യതിരുവിതാംകൂറിലും പാര്‍ട്ടിക്ക് മേല്‍ക്കൈയുള്ള പ്രദേശങ്ങളിലും പാര്‍ട്ടിയുടെ സ്വാധീനം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്. പോരായ്‌മകളും വീഴ്ചകളും ഉണ്ടാകും. അതെല്ലാം പരിശോധിക്കും. തെരഞ്ഞെടുപ്പിലെ ജനവിധി പാര്‍ട്ടി വിനയത്തോടെ സ്വീകരിക്കുകയാണ്. എന്തൊക്കെയാണ് വീഴ്ച സംഭവിച്ചതെന്ന് ഇടതുമുന്നണി ചര്‍ച്ച ചെയ്യും. എല്‍ഡിഎഫിനൊപ്പം ഉറച്ചു നില്‍ക്കാതെ എവിടെ പോകാനാണെന്നും ജോസ് കെ മാണി ചോദിച്ചു.
















