തിരുവനന്തപുരം: കോഴിക്കോട് പേരാമ്പ്രയില്‍ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഉണ്ണി വേങ്ങേരിയെ അപമാനിക്കാനായി ലീഗ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ചാണകം വെള്ളം തളിച്ച് ശുദ്ധികലശം നടത്തി അവഹേളിച്ചെന്ന പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ കോഴിക്കോട് ജില്ലാ പോലീസ് മേധാവിയോട് 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ലഭ്യമാക്കുവാന്‍ നിര്‍ദ്ദേശിച്ചു. പരാതിയില്‍ കേസെടുത്ത് അന്വേഷിച്ച് നിയമനടപടിയെടുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെയാണ് ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസ് ചാണക വെള്ളം തളിച്ച് ലീഗ് പ്രവര്‍ത്തകര്‍ ശുദ്ധീകരിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിലെ ആഹ്ളാദ പ്രകടനത്തിനിടെയായിരുന്നു സംഭവം.
എല്‍ഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. പഞ്ചായത്തില്‍ വന്‍ വിജയമാണ് യുഡിഎഫ് നേടിയത്. 20 വാര്‍ഡില്‍ 17 ഉം യുഡിഎഫ് നേടിയപ്പോള്‍ ഒരു സീറ്റില്‍ മാത്രമാണ്എല്‍ഡിഎഫ് വിജയിച്ചത്. രണ്ട് സീറ്റില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയാണ് വിജയിച്ചത്.
















