ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് ഭാവിയില്ലെന്ന് വരെ വിമര്‍ശിക്കുന്ന ട്വീറ്റിനെ പിന്തുണച്ച് ശശി തരൂര്‍. ഇതാദ്യമായാണ് രാഹുല്‍ഗാന്ധിയ്‌ക്കും ഗാന്ധി കുടുംബത്തിനും എതിരായ ഒരു കൂട്ടം ട്വീറ്റുകളെ ശശി തരൂര്‍ പരസ്യമായി പിന്തുണയ്‌ക്കുന്നത്. ഈ ട്വീറ്റുകള്‍ ചിന്തോദ്ദീപകവും ഉചിതവുമാണെന്ന പ്രശംസയോടെയാണ് ശശി തരൂര്‍ ട്വീറ്റിനെ പിന്തുണച്ചിരിക്കുന്നത്.
രാഹുല്‍ ഗാന്ധി രാഷ്‌ട്രീയത്തിലെ ഏറ്റവും പ്രമാണിവര്‍ഗ്ഗത്തില്‍പ്പെട്ട രാഷ്‌ട്രീയ നേതാവാണെന്നും ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഏറ്റവും സുരക്ഷിതമായി പൊതിഞ്ഞുവെയ്‌ക്കപ്പെട്ട വ്യക്തിത്വമാണെന്നും ഒരു ട്വീറ്റില്‍പറയുന്നുണ്ട്. എപ്പോഴും അധികാരം കയ്യാളുന്ന രാഷ്‌ട്രീയ കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന് ഗ്രാമീണരാഷ്‌ട്രീയത്തിന്റെ പ്രതീകമായി മാറാന്‍ കഴിയില്ലെന്നും ഈ ട്വീറ്റ് വിമര്‍ശിക്കുന്നു. കാരണം അദ്ദേഹം ഗ്രാമങ്ങളില്‍ ജീവിക്കുന്നില്ല, അതുപോലെ സംഘടനയില്‍ താഴേക്കിടയിലുള്ളവരുടെ നേതാവായി ഉയരാനുള്ള ഒരു സംവിധാനം അപര്യാപ്തമായതിനാല്‍ രാഹുല്‍ ഗാന്ധിയുടെ ദേശീയ നേതാവ് എന്ന ഈ നേതൃസ്ഥാനത്തിന് വിശ്വാസ്യതയില്ലെന്നും ഈ ട്വീറ്റ് പറയുന്നു.
ഇതുവരെ അറിയപ്പെടാതെ കിടന്നിരുന്ന ഒരു എക്സ് അക്കൗണ്ടില്‍ നിന്നാണ് രാഹുല്‍ ഗാന്ധി വിരുദ്ധ, ഗാന്ധി കുടുംബവിരുദ്ധ, കോണ്‍ഗ്രസ് വിരുദ്ധ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ഒരു കൂട്ടം ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. സിവിറ്റാസ് സമീര്‍ എന്ന പേരിലാണ് സമൂഹമാധ്യമമായ എക്സില്‍ ഈ അക്കൗണ്ട് ഉള്ളത്. ഈ അക്കൗണ്ടില്‍ നിന്നാണ് കോണ്‍ഗ്രസിനെയും ഗാന്ധികുടുംബത്തെയും രാഹുല്‍ ഗാന്ധിയെയും വിമര്‍ശിക്കുന്ന ഒരു കൂട്ടം ട്വീറ്റുകള്‍ പങ്കുവെയ്‌ക്കപ്പെട്ടത്.
കോണ്‍ഗ്രസിനുള്ളിലെ കപടനാട്യങ്ങളെ വിമര്‍ശിക്കുന്ന ട്വീറ്റ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് ഭാവിയില്ലെന്നും വിമര്‍ശിക്കുന്നു. ഗാന്ധി കുടുംബം ഇന്ത്യയുടെ രാഷ്‌ട്രീയ യാഥാര്‍ത്ഥ്യങ്ങളില്‍ ഏറെ ദൂരെയാണെന്നും ട്വീറ്റുകള്‍ പറയുന്നു. ഒരു കുടുംബം നയിക്കുന്ന രാഷ്‌ട്രീയ സ്ഥാപനമായ കോണ്‍ഗ്രസിനുള്ളില്‍ നിലനില്‍ക്കുന്ന മിഥ്യാധാരണകളെയും ട്വീറ്റുകള്‍ ചോദ്യം ചെയ്യുന്നു. പ്രതിപക്ഷം ഇന്ത്യയില്‍ ചീഞ്ഞഴുകുകയാണെന്നും ട്വീറ്റുകള്‍ തുറന്നടിക്കുന്നു.
ഒരിടത്ത് കോണ്‍ഗ്രസിലെ രണ്ട് ചിന്താധാരകളുടെ പ്രതിനിധികളാണ് രാഹുല്‍ ഗാന്ധിയും ശശി തരൂരും എന്ന് പറഞ്ഞുവെയ്‌ക്കുന്നുണ്ട്. പക്ഷെ ഈ രണ്ട് ചിന്താധാരകളെ പരസ്പരപൂരകങ്ങളായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും ഈ ട്വീറ്റ് വിമര്‍ശിക്കുന്നു. ഇതിനെയും ശശി തരൂര്‍ പിന്തുണച്ച് പോസ്റ്റിട്ടിട്ടുണ്ട്. ചിന്തോദ്ദീപകരമായ ഈ നിരീക്ഷണത്തിന് നന്ദി എന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
പൊതുവേ കോണ്‍ഗ്രസിനെക്കുറിച്ചും ഇന്ത്യയിലെ രാഷ്‌ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ഉള്ള ശക്തമായ അഭിപ്രായങ്ങള്‍ പങ്കുവെയ്‌ക്കുന്ന എക്സിലെ അക്കൗണ്ടാണ് സിവിറ്റാസ് സമീര്‍. പക്ഷെ ഗാന്ധി കുടുംബത്തെ വിമര്‍ശിക്കുന്ന ലേഖനത്തെ പിന്തുണച്ച ശശി തരൂരിന്റെ തല ഉരുളുമെന്നാണ് രാഷ്‌ട്രീയനിരീക്ഷകര്‍ കരുതുന്നത്.
മോദിയുടെ പ്രസംഗത്തെ പ്രശംസിക്കുക, കോണ്‍ഗ്രസ് യോഗങ്ങള്‍ തുടര്‍ച്ചയായി ബഹിഷ്കരിക്കുക തുടങ്ങി ഗാന്ധി കുടുംബത്തെ പ്രകോപിപ്പിക്കുന്ന കാര്യങ്ങളാണ് ശശി തരൂര്‍ കഴിഞ്ഞ കുറച്ചുനാളുകളായി ചെയ്തുകൊണ്ടിരിക്കുന്നത്.
















