പമ്പയ്‌ക്കില്ലൊരു വമ്പി, തയ്യനെ വണങ്ങാന്‍
വന്നു ചേരുന്നൊരെ-
പ്പൂര്‍ണ്ണം ‘പമ്പകടത്തിവിട്ടു’
പരമാത്മ പ്രേമിയാക്കുന്നതില്‍.
പമ്പയ്‌ക്കില്ലൊരുവമ്പതില്‍, സകലരും
കീര്‍ത്തിക്കയാണെങ്കിലും;
പുണ്യത്തിന്‍പുഴ, തീര്‍ഥ, മെന്നുപലതും;
പമ്പയ്‌ക്ക് കുമ്പിട്ടിടാം.
(ഏറ്റവും മഹത്വമേറിയവൃത്തികള്‍ ചെയ്യുമ്പോഴും അതില്‍ അഹംബോധമില്ലാതെ സ്വകര്‍മ്മനിരതമാകുന്നതാണ് ആ മഹത്വത്തിന്റെ മാറ്റ്. പമ്പയെ നോക്കൂ, അ്യ്യനെ വണങ്ങാന്‍ വന്നുചേരുന്നവരെ ഐഹികതയില്‍നിന്ന് ആദ്ധ്യാത്മികതയിലേക്ക് ‘പമ്പകടത്തു’കയാണ് ഈ നദി. പക്ഷേ അതില്‍ തെല്ലും വമ്പുകാണിക്കുന്നില്ല. എന്നാല്‍ പമ്പയെ പലരും പുണ്യനദിയെന്നും തീര്‍ത്ഥമെന്നും മറ്റും മറ്റും പലതും പാടിപ്പുകഴ്‌ത്തുന്നുണ്ട്, എന്നിട്ടുപോലും; അങ്ങനെയുള്ള പമ്പയ്‌ക്ക് വണക്കം.)















