ന്യൂദല്‍ഹി: തേവര്‍ എഴുന്നള്ളിയെത്തി പൂരപ്പറമ്പില്‍ നിന്ന് ക്ഷേത്രത്തിലേക്ക് മടങ്ങുന്നതോടെ ഉത്സവലഹരി തീരുന്നത് നാടന്‍ പതിവ്. കാല്‍പന്ത് എന്ന കായിക കലയാല്‍ മാനസങ്ങളില്‍ ദീപാലങ്കാരം തീര്‍ത്ത ലോക ഫുട്‌ബോള്‍ രാജാവ് മടങ്ങുമ്പോള്‍ ഭാരതത്തിലെ കായിക പ്രേമികളുടെ ആഹ്ലാദവും ആവേശവും നിലയ്‌ക്കുന്നില്ല, തുടുരുകയാണ്. നമ്മുടെ നാടിന്റെ സ്വന്തം ശൈലിയുടെ സ്വരത്തില്‍ നമുക്ക് നന്നായി അറിയാവുന്ന കായിക വിനോദത്തെ കൂടുതലായി ഏറ്റെടുത്തുകൊണ്ട് ആവേശത്തിന് വീണ്ടും വീണ്ടും കനമേറ്റുകയാണ്. അതിന്റെ പ്രതീകമായ് ആയിരിക്കണം മെസി പങ്കെടുത്ത ഒടുവിലത്തെ ചടങ്ങില്‍ ഭാരതീയനായ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) അധ്യക്ഷന്‍ ജയ് ഷാ മെസിക്ക് വരുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടന ദിവസത്തെ മത്സരത്തിനുള്ള ടിക്കറ്റ് സമ്മാനിച്ചത്.
ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ പരിപാടിയോടെ ലോക ഫുട്‌ബോള്‍ സൂപ്പര്‍ ഹീറോ ലയണല്‍ മെസിയുടെ ഭാരത സന്ദര്‍ശനം പൂര്‍ത്തിയായി. കായിക പ്രേമികള്‍ക്കിടയില്‍ വലിയ തരംഗം സൃഷ്ടിച്ചാണ് മെസിയും ഒപ്പം ഉറുഗ്വേ ഫുട്‌ബോളര്‍ ലൂയി സുവാരസും മറ്റൊരു അര്‍ജന്റൈന്‍ ഫുട്‌ബോള്‍ താരം റോഡ്രിഗോ ഡി പോളും പര്യടനം പൂര്‍ത്തിയാക്കിയത്. ഭാരതത്തിന്റെ പടിഞ്ഞാറന്‍ നഗരം മുംബൈയില്‍ നിന്നാണ് മെസി തലസ്ഥാന നഗരിയിലേക്കെത്തിയത്. സമയക്രമം വൈകിപോയതിനാല്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച്ച നടന്നില്ല. വൈകീട്ട് 4.20 ന് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെത്തി. സ്റ്റേഡിയത്തില്‍ പ്രവേശിച്ച മെസി അടങ്ങുന്ന താരനിരയ്‌ക്കൊപ്പം ജയ്ഷാ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവരും ചേര്‍ന്നു. മൈതാനത്ത് കൂടെ ഗാലറിയെ അഭിവാദനം ചെയ്തുകൊണ്ട് മെസി നടന്നു നീങ്ങി. കൊച്ചു താരങ്ങളുമായി പന്ത് തട്ടിയും പന്തുകളില്‍ ചിലത് ഗാലറിയേലിരിക്കുന്നവര്‍ക്കരികിലേക്ക് അടിച്ചു നല്‍കിയും മെസി ആഹ്ലാദം പങ്കുവച്ചു. ഭാരത ടീമിന്റെ ജേഴ്‌സിയും ക്രിക്കറ്റ് ബാറ്റും സമ്മാനിച്ചാണ് ജയ് ഷാ മെസിയെ വരവേറ്റത്. ഇതിന് പിന്നാലെയാണ് വരുന്ന ലോകകപ്പിനുള്ള പ്രവേശന ടിക്കറ്റ് സമ്മാനിച്ചത്. ഫെബ്രുവരി ഏഴിന് വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഭാരതം-അമേരിക്ക മത്സരത്തിനുള്ള ക്ഷണമായാണ് ജയ് ഷാ പ്രവേശന പാസ് സമ്മാനിച്ചത്.
ശനിയാഴ്‌ച്ചയാണ് -ഗോട്ട്(ഗ്രെയ്റ്റ് ഓഫ് ഓള്‍ ടൈം) ടൂര്‍ ഓഫ് ഇന്ത്യ- എന്ന പേരില്‍ ഇതിഹാസ ഫുട്‌ബോളറുടെ ഭാരത സന്ദര്‍ശനം തുടങ്ങിയത്. ശനിയാഴ്‌ച്ച പുലര്‍ച്ചെ കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയ മെസിയുടെ ഔദ്യോഗിക പരിപാടികള്‍ രാവിലെയോടെ ആരംഭിച്ചു. കൊല്‍ക്കത്ത സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ഉദാസീനതയും കാരണം ആദ്യ പരിപാടി വലിയ കല്ലുകടിയിലാണ് കലാശിച്ചത്. ഗംഭീര വരവേല്‍പ്പാണ് ആരാധകര്‍ ആഗ്രഹിച്ചതെങ്കിലും മോശം സംഘാടനത്തെ തുടര്‍ന്ന് എല്ലാം അവതാളത്തിലായി. തുടര്‍ന്ന് ഉച്ചയോടെ ഹൈദരാബാദിലേക്ക് മടങ്ങി. ഗംഭീര സ്വീകരണവും ചിട്ടയായ ക്രമീകരണത്തോടെയും ഹൈദരാബാദിലും തുടര്‍ന്ന് ഞായറാഴ്‌ച്ച മുംബൈയിലും സന്ദര്‍ശനം പൂര്‍ത്തിയാക്കി. മുംബൈയില്‍ ഇതിഹാസ ക്രിക്കറ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും മെസിയും ഒരുമിച്ച് ഒരു വേദിയിലെത്തി. ഒടുവില്‍ ദല്‍ഹിയിലെ പരിപാടിയോടെ മെസിയുടെ ഭാരത യാത്ര സമാപിച്ചു.
















