പത്തനംതിട്ട: തെരഞ്ഞെടുപ്പില്‍ തന്നെ സ്വന്തം പാര്‍ട്ടിക്കാര്‍ കാലുവാരിയെന്ന് മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ് സിപിഎം മുന്‍ എംഎല്‍എയും പത്തനംതിട്ടയിലെ തലമുതിര്‍ന്ന നേതാവുമായ കെ.സി രാജഗോപാലന്‍. കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിനാണ് കാലുവാരിയത്. അതിനാലാണ് തന്റെ ഭൂരിപക്ഷം 28ല്‍ ഒതുങ്ങിയതെന്നും കെ സി രാജഗോപാലന്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വേണ്ടവിധം തന്നെ ഉപയോഗപ്പെടിത്തിയില്ല.
താന്‍ ജയിക്കരുതെന്ന് കോഴഞ്ചേരി ഏരിയ സെക്രട്ടറി ടിവി സ്റ്റാലിന് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു.നേതൃത്വത്തിന്റെ പിടിപ്പുകേടില്‍ കോഴഞ്ചേരി ഏരിയാ കമ്മിറ്റിക്ക് കീഴിലെ എല്ലാ പഞ്ചായത്തുകളും നഷ്ടമായി.കോണ്‍ഗ്രസുകാരില്‍ ചിലരുടെ സഹായത്താലാണ് 28 വോട്ടിന് ജയിച്ചതെന്നും കെ സി രാജഗോപാലന്‍ പറഞ്ഞു. ഏരിയ സെക്രട്ടറി സ്റ്റാലിന്‍ വിവരം കെട്ടവനാണെന്നും പത്രം വായിക്കാത്തവനാണെന്നും സമൂഹത്തില്‍ എന്താണ് നടക്കുന്നതെന്ന് പോലും അറിയില്ലെന്നും രാജഗോപാലന്‍ പറഞ്ഞു. ഇത്തരത്തിലുള്ള സ്റ്റാലിന്‍മാരാണ് പാര്‍ട്ടിയിലുള്ളത്. അത്തരക്കാരക്കാരെ പുറത്താക്കണമെന്ന് രാജഗോപാലന്‍ പറഞ്ഞു.
തന്നെ തോല്‍പ്പിക്കാന്‍ എല്ലാശ്രമവും നടത്തി. വീണ ജോര്‍ജിനെയും തകര്‍ത്ത് ആറന്മുളയില്‍ മത്സരിക്കുകയാണ് സ്റ്റാലിന്റെ ലക്ഷ്യം. പാര്‍ട്ടി തോല്‍ക്കുമ്പോള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നവനാണ് സ്റ്റാലിന്‍. സിപിഎം നേതൃത്വത്തിന് പരാതി നല്‍കുമെന്നും കെസി രാജഗോപാലന്‍ പറഞ്ഞു.
പത്തനംതിട്ട മെഴുവേലി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ആണ് കെസി രാജഗോപാലന്‍ ജനവിധി തേടിയത്. സിപിഎം ശക്തികേന്ദ്രമായിരുന്ന മെഴുവേലി പഞ്ചായത്ത് ഇത്തവണ കോണ്‍ഗ്രസ് പിടിച്ചെടുത്തു. വിഎസ് അനുകൂലിയായ കെ സി രാജഗോപാലന്‍ പ്രചാരണ പോസ്റ്ററില്‍ വിഎസിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു.
Main
















