തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല സ്വർണ്ണക്കൊള്ള തിരിച്ചടിയായെന്ന് സിപിഎം വിലയിരുത്തൽ. തിരുവനന്തപുരം, കൊല്ലം കോര്‍പറേഷനുകളിലും ചില ജില്ലാ പഞ്ചായത്തുകളിലും പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. സാമുദായിക സമവാക്യങ്ങള്‍ പാലിക്കാതെയാണ് പലയിടത്തും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതെന്നും വിമര്‍ശനം ഉയര്‍ന്നു.
അതേസമയം പാർട്ടിയുടെ അടിത്തറ ഭദ്രമെന്നും രാഷ്‌ട്രീയ വോട്ടുകൾ നഷ്ടപ്പെട്ടിട്ടില്ലെന്നും വിലയിരുത്തലുണ്ട്. ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും സർക്കാരിനോട് ജനങ്ങൾക്ക് എതിരഭിപ്രായമില്ലെന്നും സെക്രട്ടേറിയറ്റ്. രാഷ്‌ട്രീയ പോരാട്ടം നടന്ന ജില്ലാ പഞ്ചായത്തുകളില്‍ ഒപ്പത്തിനൊപ്പം പിടിച്ചു. എതിര്‍പ്പുകളെ മറികടന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചു വരാനാകുമെന്നും പാര്‍ട്ടി വിലയിരുത്തി.
അതേ സമയം തെരഞ്ഞെടുപ്പിലെ പരാജയകാരണങ്ങൾ വിലയിരുത്തി സിപിഎം മുഖപത്രം ദേശാഭിമാനി എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരുന്നു. ക്ഷേമവും വികസനവും ജനവിധിയെ സ്വാധീനിച്ചില്ലെന്നാണ് ദേശാഭിമാനി എഡിറ്റോറിയലിൽ പറയുന്നത്. തോൽവിയിൽ സിപിഎമ്മിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ചാണ് സിപിഐ മുഖപത്രത്തിൽ ലേഖനം വന്നത്. എൽഡിഎഫ് സർക്കാർ ആത്മപരിശോധന നടത്തണമെന്ന് എഡിറ്റോറിയൽ പ്രധാനമായും പറഞ്ഞുവയ്‌ക്കുന്നു.
സർക്കാർ കൈക്കൊണ്ട ചില നടപടികൾ ജനങ്ങളിൽ സംശയം ജനിപ്പിച്ചിട്ടുണ്ടോയെന്ന് പഠിക്കണം. സംശുദ്ധവും സുതാര്യവുമായ ഉത്തരവാദിത്വം നിർവഹിക്കാൻ രാഷ്‌ട്രീയ നേതൃത്വം പരാജയപ്പെട്ടാൽ ഇങ്ങനെ സംഭവിക്കുമെന്നും ജനയുഗത്തിലെ ലേഖനത്തിൽ പറയുന്നു.
















