പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ നവജാത ശിശു മരിച്ചു. സ്വർണപ്പിരിവ് എന്ന വനവാസി ഊരിൽ സുമിത്രയുടെ കുഞ്ഞാണ് മരിച്ചത്. സുമിത്രയുടെ ആറാമത്തെ പ്രസവമാണിത്. നേരത്തേ പ്രസവിച്ച കുഞ്ഞുങ്ങളെല്ലാം മരിച്ചിരുന്നു. ആറ് മാസം ഗർഭിണിയായിരുന്ന സുമിത്ര ഇന്ന് രാവിലെ വീട്ടിലാണ് ആൺകുഞ്ഞിനെ പ്രസവിച്ചത്. തുടർന്ന് യുവതിയെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അമ്മയുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അട്ടപ്പാടിയിൽ നാലു മാസം മുൻപ് മറ്റൊരു നവജാത ശിശുവും മരിച്ചിരുന്നു. ദീതുവിന്റെ 27 ആഴ്‌ചമാത്രം പ്രായമുളള കുഞ്ഞാണ് മരിച്ചത്. വളർച്ചക്കുറവ് മൂലമായിരുന്നു മരണം. അതിനുമുമ്പ് ഷോളയൂർ പഞ്ചായത്തിലെ കുറവൻപാടിയിൽ ഗർഭസ്ഥ ശിശുവും മരിച്ചിരുന്നു. കുറവൻപാടി ഊരിലെ സുനിതയുടെ കുഞ്ഞായിരുന്നു വയറ്റിൽവച്ചുതന്നെ മരിച്ചത്.
ഈ പ്രദേശത്ത് മുൻപ് സ്ഥിരമായി ഇത്തരം ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് തടയുന്നതിനായി സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കിയെങ്കിലും, മരണനിരക്ക് കുറഞ്ഞെങ്കിലും വീണ്ടും ആവർത്തിക്കുന്നത് ആശങ്കാജനകമാണ്.
















