കടയ്‌ക്കല്‍: തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്കു പിന്നാലെ അക്രമം അഴിച്ചു വിടുന്ന സിപിഎമ്മിന് നിയമപരമായും രാഷ്‌ട്രീയപരമായും മറുപടി നല്‍കുമെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. കടയ്‌ക്കലില്‍ സിപിഎം ആക്രമിച്ച ബിജെപി സ്ഥാനാര്‍ത്ഥി അനുപമയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്പിക്ക് അനുപമ നല്‍കിയ പരാതിയുടെ തുടര്‍നടപടികള്‍ വി. മുരളീധരന്‍ ആരാഞ്ഞു. നടപടി വൈകിച്ചാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. ചരിത്രത്തില്‍ ആദ്യമായാണ് കടയ്‌ക്കല്‍ പഞ്ചായത്തില്‍ ബിജെപി പ്രാതിനിധ്യം നേടുന്നത്. സിപിഎമ്മിന് എതിരായുള്ള ജനങ്ങളുടെ ശബ്ദമാണ് അനുപമയുടെ വിജയം. ജനാധിപത്യത്തിന്റെയും ഭരണഘടന മൂല്യങ്ങളുടെയും വലിയ വക്താക്കളായിട്ടാണ് സിപിഎമ്മുകാര്‍ ജനമധ്യത്തില്‍ പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍ ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ഒരു സ്ത്രീയുടെ വിജയം അവര്‍ക്ക് അംഗീകരിക്കാനാകുന്നില്ല. കണ്ണൂര്‍ ജില്ലയില്‍ ഒരു സമയത്ത് നടപ്പിലാക്കിയിരുന്ന സമീപനമാണ് ഓര്‍മവരുന്നത്. ഈ അഹന്തയ്‌ക്കും അഴിമതിക്കുമുള്ള മറുപടിയാണ് തെരഞ്ഞെടുപ്പില്‍ സംസ്ഥാന വ്യാപകമായി ജനങ്ങള്‍ നല്‍കിയത്. അതിനാല്‍ ഭീഷണിയിലൂടെ അധികകാലം അധികാരം നിലനിര്‍ത്താന്‍ സാധിക്കില്ലെന്നും വികസനം മാത്രമാണ് എന്‍ഡിഎയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
















