നേരേ കാടുകടന്നുചെന്ന് പുലിതന്നെ-
ക്കൂട്ടിയൊപ്പം, സ്വയം-
നേരേവന്നലറിത്തുനിഞ്ഞ മഹിഷത്തെ-
ക്കൊന്നുവെന്നശ്രമം
ചാരേവന്നുയിരാകുവാന്‍ കൊതിയെഴും
മഞ്ചാംബികത്തൈയിനെ-
ച്ചാരേ നിര്‍ത്തിയ യോഗിയാം
സുചരിതന്‍ നിഷ്ഠപ്രതിഷ്ഠാവ്രതന്‍.
(കര്‍ത്തവ്യങ്ങളുടെ നിര്‍വഹണമാണ് ധര്‍മ്മപ്രതിഷ്ഠാപനത്തിന്റെ അടിത്തറ. അയ്യപ്പ ധര്‍മ്മത്തിന്റെ പൊരുള്‍ അങ്ങനെയാണ് നമുക്ക് കാട്ടിത്തന്നത്. അസാധ്യമായത് അപകടകരമായത് തത്ത്വവും സ്വത്വവും തെളിയിക്കേണ്ട ഘട്ടത്തില്‍ തെളിയിക്കുക എന്ന ധര്‍മ്മമാണ് പുലിപ്പാലുചോദിച്ചപ്പോള്‍ പുലിയെത്തന്നെ കാട്ടില്‍പോയി കൂട്ടിക്കൊണ്ടുവന്നതിലെ കര്‍മ്മം. അലറിവിളിച്ച് നേരേവന്ന അസുരമഹിഷത്തെ കൊന്ന് വിജയം സ്ഥാപിച്ചത് മറ്റൊരു ശക്തിതത്ത്വത്തിന്റെ സ്ഥാപനം. ജീവിതത്തിന്റെ ഭാഗമാകുവാന്‍ ആഗ്രഹം പ്രകടിപ്പിച്ച മഞ്ജാംബികയെ ചാരത്തെ അകലത്ത് നിര്‍ത്തി അനുഗ്രഹിച്ച യോഗേശ്വരന്‍ നിഷ്ഠാവ്രതനായ സല്‍ച്ചരിതനാണ്, ആരും അനുസരിക്കേണ്ട ധര്‍മ്മകര്‍മ്മിയാണ്.)
മണ്ഡലം 27
ആരീക്കാട്ടിലഹര്‍ന്നിശം വ്രത
മെടുത്തായോധനാഭ്യാസിയായ്,
ആരിക്കാനനമാകെ ഹര്‍ഷഭരിതം
കാത്തന്ന്, കാക്കുന്നിതും
ധീമാഞ്ഞാര്‍ത്തലറിക്കടന്നു
പടവെട്ടാന്‍വന്നു മൂഢത്വമാര്‍-
ന്നോരാ മാഹിഷ രൂപമാണ്ട ദുരയെ
ക്കൊന്നാന്‍ അതെന്നയ്യനേ!
(രാപകലെന്നില്ലാതെ സര്‍വ്വസമയവും ശീലവും പരിശീലനവും അനുശീലനവും വ്രതചര്യയില്‍ ആയുധപ്രയോഗം പിന്തുടര്‍ന്ന് അഭ്യാസിയായോ, ആരാണ് ഈ കാനനപ്രദേശം അന്ന് കാത്തുപോന്നത്, ഇന്നും കാക്കുന്നത്, ബുദ്ധികെട്ട്, കടന്നുവന്ന് പടവെട്ടാന്‍വന്ന മണ്ടത്തരം കാട്ടുന്ന പോത്തിനെപ്പോലെ പ്രവര്‍ത്തിച്ച ദുര്‍മോഹത്തെ ഇല്ലാതാക്കിയത്, അതാണ് എന്റെ അയ്യന്‍).















