കണ്ണൂര്‍: ബിജെപി പുഞ്ചക്കാട് ഏരിയാ ജനറല്‍ സെക്രട്ടറി ഒ.വി. വിജേഷിന്റെ വീട്ടു വരാന്തയില്‍ സിപിഎം അക്രമികള്‍ റീത്ത് വെച്ചു. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഇന്നലെ രാവിലെ വീട്ടുകാര്‍ മുന്‍വശത്തെ വാതില്‍ തുറന്നപ്പോഴാണ് വരാന്തയില്‍ റീത്ത് കണ്ടത്. തുടര്‍ന്ന് നേതാക്കളെയും പയ്യന്നൂര്‍ പോലീസിലും വിവരമറിയിക്കുകയായിരുന്നു. പയ്യന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ 5, 14, 23, 24 എന്നീ നാലുവാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇതില്‍ പ്രകോപിതരായവരാകാം റീത്ത് വെച്ചതെന്നാണ് സൂചന.
രാമന്തളിയില്‍ മഹാത്മാ സ്മാരക കള്‍ച്ചറല്‍ സെന്ററിന്റെ മുന്നില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയ്‌ക്ക് നേരെ അക്രമം നടത്തി. പയ്യന്നൂര്‍ നഗരസഭയില്‍ പതിനാറാം വാര്‍ഡില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ലത നാരായണന്റെ കണ്ടോത്തുള്ള വീട് ആക്രമിച്ചു, പടക്കങ്ങള്‍ എറിഞ്ഞു. പയ്യന്നൂര്‍ നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സുരേഷിന്റെ കാനായിയിലെ വീടിനു നേരെ നാടന്‍ ബോംബ് എറിഞ്ഞു.
തെരഞ്ഞെടുപ്പില്‍ എട്ടോളം പഞ്ചായത്തുകളുടേയും ഏതാനും ബ്ലോക്ക് പഞ്ചായത്തുകളുടേയും അധികാരം നഷ്ടമാവുകയും നഗരസഭകളിലും കോര്‍പറേഷനുകളിലും സീറ്റും വോട്ടും കുറയുകയും ചെയ്തതില്‍ വിറളിപിടിച്ചാണ് സിപിഎം ജില്ലയില്‍ അക്രമം വ്യാപിപ്പിക്കുന്നത്.
പയ്യന്നൂര്‍, കല്ല്യാശ്ശേരി, പാപ്പിനിശ്ശേരി, കൂത്തുപറമ്പ്, തലശ്ശേരി, പഴയങ്ങാടി, ചെറുകുന്ന്, കണ്ണപുരം, ആന്തൂര്‍ തുടങ്ങി ജില്ലയിലെ വിവിധയിടങ്ങളിലെ ശക്തി കേന്ദ്രങ്ങളില്‍ സിപിഎമ്മിന് വോട്ട് ഗണ്യമായി കുറഞ്ഞു. പലയിടങ്ങളിലും ബിജെപി വിജയിച്ചു, നൂറുകണക്കിന് വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തി. ഇതാണ് സിപിഎമ്മിനെ അസ്വസ്ഥരാക്കുന്നത്.
















