ദുബായ്: മലയാളിയായ ആരോണ്‍ ജോര്‍ജ് മിന്നിത്തിളങ്ങിയ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഭാരതത്തിന്റെ യുവതുര്‍ക്കികള്‍. കഴിഞ്ഞ മത്സരത്തില്‍ തിമിര്‍ത്താടിയ വൈഭവ് സൂര്യവംശി നിരാശപ്പെടുത്തിയ മത്സരത്തില്‍ ആരോണ്‍ ജോര്‍ജ് കത്തിക്കയറിയപ്പോള്‍ ഭാരതത്തിന് ലഭിച്ചത് 90 റണ്‍സിന്റെ കൂറ്റന്‍ ജയം.
ഭാരതം ഉയര്‍ത്തിയ 240 റണ്‍സ് പിന്തുടര്‍ന്ന പാകിസ്ഥാന്‍ 41.2 ഓവറില്‍ പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഭാരതത്തിനായി ആരോണ്‍ ജോര്‍ജ് 88 പന്തില്‍ 12 ഫോറുകളൂം ഒരു സിക്സറും അടക്കം 85 റണ്‍സ് സ്വന്തമാക്കി. യുഎഇക്കെതിരായ കഴിഞ്ഞ മത്സരത്തിലും ആരോണ്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു.
ക്യാപ്റ്റന്‍ ആയുഷ് മാത്രെ (38), കനിഷ്‌ക് ചൗഹാന്‍ (46), അഭിഗായന്‍ അഭിഷേക് (22) എന്നിവര്‍ മികച്ച പ്രകടനം നടത്തി. വൈഭവിന് അഞ്ച് റണ്‍സ് മാത്രമാണ് നേടാനായത്. പാകിസ്ഥാന് വേണ്ടി മുഹമ്മദ് സയ്യാം, അബ്ദുല്‍ സുബ്ഹാന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും നിഖാബ് ഷാഫിഖ് രണ്ട് വിക്കറ്റും നേടി. പാക് ബാറ്റിങ് നിരയില്‍ 70 റണ്‍സെടുത്ത അസഫ അഹ്‌സാനൊഴികേ മറ്റാര്‍ക്കും തിളങ്ങാനായില്ല. ഭാരതത്തിന് വേണ്ടി ദീപേഷ് ദേവാന്ദ്രന്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.














