സാമവേദം നാവിലുണര്‍ത്തിയ സ്വാമിയേ… പാട്ടു പിറന്നിട്ട് ഇരുപത്തിനാല് വര്‍ഷം.
മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള ഗാനരചനാ രംഗത്ത് സജീവമായ സാന്നിധ്യമായ രാജീവ് ആലുങ്കലിന്റേതാണ് ഈ വരികള്‍. പാട്ടെഴുത്തിന്റെ സമസ്ത മേഖലകളിലും വ്യക്തമായും സുന്ദരമായും അടയാളപ്പെട്ട കവി. നാലു തലമുകളിലെ പ്രതിഭാധനരോടൊപ്പം സഞ്ചരിക്കാനുള്ള അപൂര്‍വ്വഭാഗ്യം ലഭിച്ച അക്ഷരോപാസകന്‍.നാടകഗാന രചനാരംഗത്തും, ഭക്തിഗാന ശാഖയിലും ചലച്ചിത്ര ഗാന മേഖലയിലും കവിതകളിലുമെല്ലാം തന്റേതായ ഒരിടം സൃഷ്ടിച്ച് മലയാളികള്‍ക്ക് പ്രിയങ്കരനായ രാജീവ് ആലുങ്കല്‍ മൂന്നര പതിറ്റാണ്ടോട് അടുക്കുന്ന തന്റെ സര്‍ഗ്ഗസഞ്ചാരത്തേക്കുറിച്ച് സംസാരിക്കുന്നു…
എഴുത്ത് ആത്മാന്വേഷണമാണെന്ന് ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. വിശദീകരിക്കാമോ?
തീര്‍ച്ചയായും എഴുത്ത് ആത്മാന്വേഷണത്തിന്റെ അടയാളപ്പെടല്‍ തന്നെയാണ്. കുട്ടിക്കാലം തൊട്ടെ നല്ല പുസ്തകങ്ങള്‍ വായിക്കുമ്പോഴും, എന്തെങ്കിലുമൊക്കെ മനസ്സില്‍ തോന്നുന്നത് പകര്‍ത്തിവയ്‌ക്കുമ്പോഴും ഒരു ആത്മീയ നിര്‍വ്യതി അനുഭവിക്കാറുണ്ട്. വീടിന് അടുത്തുതന്നെ ഒരു ശനീശ്വര ക്ഷേത്രമുണ്ട്, കടക്കരപ്പള്ളി പടിഞ്ഞാറെ കൊട്ടാരം ക്ഷേത്രം. ആ ക്ഷേത്രത്തില്‍ ഭജനകള്‍, ശാസ്താംപാട്ട് ഒക്കെ നടക്കുമ്പോള്‍ പോകുമായിരുന്നു. ആ അന്തരീക്ഷത്തിലാണ് വളര്‍ന്നു വന്നത്. പതിനഞ്ച് വയസ്സിലാണ് ശബരിമലയില്‍ പോയത്. ഒത്തിരിവട്ടം കൊതിച്ചിരുന്നതിനുശേഷമുള്ള യാത്രയായിരുന്നു അത്. ആരാധനാലയങ്ങളില്‍ പോകുമ്പോള്‍ മാത്രമല്ല നല്ലതു ചെയ്തു എന്നു തോന്നുമ്പോഴെല്ലാം ഏതോ നിര്‍വ്വചനാതീതമായ നിര്‍വ്വതി പുല്‍കാറുണ്ട്.
ഗാനരചനയിലേക്ക് കടന്നു വന്ന സാഹചര്യം എന്തായിരുന്നു?
ചെറുപ്പത്തിലെ തന്നെ, അതായത് പത്തൊമ്പതു വയസ്സില്‍ തന്നെ പ്രൊഫഷണലായി പാട്ടെഴുത്ത് തുടങ്ങി. 1993-ല്‍ നാടകത്തില്‍ എഴുതി. ആദ്യ നാടകം ചേര്‍ത്തല ശൈലജയുടെ മാന്ത്രികക്കരടി. പിന്നീടുള്ള മൂന്ന് നാല് വര്‍ഷങ്ങള്‍ പ്രൊഫഷണല്‍ നാടക രംഗത്ത് ഒരു മേല്‍വിലാസം ഉണ്ടാകാനുള്ള കഷ്ടപ്പാടുകള്‍ ഫലം കണ്ടു. നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ 1997 ല്‍ ഭക്തിഗാന രംഗത്ത് വന്നു. ജോണി സാഗരിഗയാണ് അവസരം തരുന്നത്.
ഓഡിയോ കാസറ്റ് രംഗത്തിന്റെ പുഷ്‌കല കാലത്ത് തന്നെ ജോണി സാഗരിഗ എന്നെ അവതരിപ്പിച്ചു. ഒരു ഗാനരചയിതാവിന് എസ്റ്റാബ്ലിഷ്ഡ് ആവാന്‍ കുറച്ച് പാടുള്ള കാലമായിരുന്നു അത്. എന്റെ അച്ഛന്റെ പ്രായമുള്ള, ഗുരു സ്ഥാനീയരായ എസ്.രമേശന്‍ നായര്‍, എ. വി. വാസുദേവന്‍ പോറ്റി, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, പി. സി. അരവിന്ദന്‍ അങ്ങനെ വലിയ ആള്‍ക്കാര്‍ നിറഞ്ഞു നില്‍ക്കുന്ന ഫീല്‍ഡില്‍ ഒരു അവസരം ലഭിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. പക്ഷേ എനിക്ക് ഭാഗ്യവശാല്‍ എന്റെ തലമുറയില്‍ മറ്റാര്‍ക്കും കിട്ടാത്ത വിധത്തിലുള്ള സമൃദ്ധമായ അവസരങ്ങള്‍ ലഭിച്ചു. 2002 ല്‍ മോഹന്‍ലാല്‍ നായകനായ ഹരിഹരന്‍ പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളുമെഴുതി ചലച്ചിത്ര ഗാനരചയിതാവായി. ഇതുവരെ 135 ലേറെ ചലച്ചിത്രങ്ങളില്‍ ഗാനങ്ങളെഴുതി. ഇപ്പോഴും സജീവമായി ഈ രംഗത്തു നില്‍ക്കുന്നു എന്നത് അനുഗ്രഹമായി വിശ്വസിക്കുന്നു.
കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ഓഡിയോ കമ്പനികള്‍ക്കും പാട്ടെഴുതി. അതിനിടയ്‌ക്കാണ് എം. ജി. ശ്രീകുമാറിനെ പരിചയപ്പെടുന്നത്. അതിന് മുന്നേ അയ്യപ്പ ഭക്തിഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇന്ദ്രനീലം എന്ന പേരില്‍ ജോണി സാഗരിഗയുടെ ജയചന്ദ്രന്‍ പാടിയ പത്ത് ഗാനങ്ങള്‍, ജി. വേണുഗോപാലും ഉണ്ണിമേനോനും ബിജുനാരായണനും പാടിയ ഓണപ്പാട്ടുകള്‍. അങ്ങനെ ആ രംഗത്ത് സജീവമായി വരുമ്പോഴാണ് എം. ജി. ശ്രീകുമാറിനെ പരിചയപ്പെടുന്നത്. അതൊരു വഴിത്തിരിവായി മാറി. സ്വാമി അയ്യപ്പന്‍ എന്ന പേരിലുള്ള ആല്‍ബം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. കാല്‍നൂറ്റാണ്ടാകുന്നു. ഇപ്പോഴും ആ ഗാനങ്ങള്‍ ജനപ്രിയങ്ങങ്ങളാണ്. അതില്‍ എസ്.രമേശന്‍ നായരുടെ പത്ത് പാട്ടുകളാണ് ഫിക്സ് ചെയ്തിരുന്നത്. പക്ഷേ രണ്ട് പാട്ടുകള്‍ എം. ജി. ശ്രീകുമാറിന്റെ സ്നേഹപരിഗണന കാരണം എനിക്ക് തന്നു. ആ രണ്ട് പാട്ടുകള്‍ ഹിറ്റായി. അതിലൊന്നാണ് ‘സാമവേദം നാവിലുണര്‍ത്തിയ സ്വാമിയേ…’. ഈ ഇരുപത്തിയഞ്ചാമത്തെ വര്‍ഷവും ആ പാട്ടാണ് യേശുദാസിന്റെ അയ്യപ്പ ഭക്തിഗാനങ്ങള്‍ക്ക് ശേഷം ഒരു പക്ഷേ കേരളം മുഴുവന്‍ പാടിക്കൊണ്ട് നടക്കുന്ന ഒരു ഗാനം.

ഭക്തിഗാന ശാഖയിലെ മറ്റ് എഴുത്തുകള്‍?
കേരളത്തിലെ ധാരാളം ഗ്രാമ ക്ഷേത്രങ്ങളെ കുറിച്ച് പാട്ടെഴുതാന്‍ സാധിച്ചിട്ടുണ്ട്. എന്റെ നാട്ടില്‍ തന്നെ പറയുകയാണെങ്കില്‍ കണ്ടമംഗലം ക്ഷേത്രം, വാരനാട് ക്ഷേത്രം തൈക്കാട്ടുശ്ശേരിക്ഷേത്രം, പുതിയായില്‍ ക്ഷേത്രം, കണിച്ചുകുളങ്ങര ക്ഷേത്രം, വളവനാട് ക്ഷേത്രം, മുല്ലയ്‌ക്കല്‍, ചക്കുളം അങ്ങനെ ഒരുപാട് ഗ്രാമ ക്ഷേത്രങ്ങളുടെ വിഖ്യാതമായ ചില ഗാനങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞു.
ചെട്ടികുളങ്ങര അമ്പലത്തിലെ യേശുദാസ് പാടിയ ഭക്തിഗാനം. അത് യേശുദാസിനെക്കൊണ്ട് പാടിക്കണമെന്ന് അവിടുത്തെ ഭക്തജന സംഘം തീരുമാനിക്കുകയും, യേശുദാസിനെ സമീപിക്കുകയും, യേശുദാസ് പാടാമെന്ന് ഏല്‍ക്കുകയും ചെയ്തു. യേശുദാസിനെക്കൊണ്ട് ഈ പാട്ടുകള്‍ പാടിക്കാനുള്ള ഭാഗ്യമുണ്ടായി.
ചിത്രചേച്ചിയുടെ ‘മഹാമായ’ എന്ന ആല്‍ബം. അത് എം. ജയചന്ദ്രനും ഞാനും കൂടി ചെയ്ത പാട്ടുകളാണ്. അതില്‍ പത്തു പാട്ടുകളുണ്ട്. ഹിറ്റായ ഭക്തി ഗാനങ്ങള്‍.
ഭക്തിഗാന രംഗത്ത് വന്നപ്പോള്‍ എനിക്കുണ്ടായ ഭാഗ്യം ദക്ഷിണാമൂര്‍ത്തി സ്വാമികള്‍, ജയവിജയ ജയന്‍, എം.ജി രാധാകൃഷ്ണന്‍, ടി. എസ്. രാധാകൃഷ്ണന്‍, പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് അങ്ങനെ ഉന്നതന്മാരായ സംഗീത സംവിധായകരോട് സഹകരിക്കാനുള്ള ഭാഗ്യം, ഒരുപക്ഷേ എന്റെ തലമുറയിലെ എഴുത്തുകാരില്‍ പലര്‍ക്കും ലഭിക്കാത്ത അപൂര്‍വമായ ഭാഗ്യമാണ് അവരുടെയൊക്കെ അടുത്തിരുന്ന് അവര്‍ക്കുവേണ്ടി എഴുതാന്‍ കഴിഞ്ഞു എന്നത്. ഒട്ടുമിക്ക ഗായകരും ആ ഭക്തിഗാനങ്ങളില്‍ പാടി. എസ്.പി.ബി യേശുദാസ്, ജയചന്ദ്രന്‍, എം. ജി. ശ്രീകുമാര്‍, കെ. എസ്. ചിത്ര തുടങ്ങിയവര്‍. അതുപോലെ ‘എന്റെ അമ്മ’ എന്ന ജോണി സാഗരിഗയുടെ ഒരു ആല്‍ബമുണ്ട്. ടി. എസ്. രാധാകൃഷ്ണനും പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥും ചേര്‍ന്നാണ് ഈണം നല്‍കിയത്. അതിലെ പാട്ടുകള്‍ പാടിയിരിക്കുന്നത് വാണി ജയറാമും പി. സുശീലയും എസ്. ജാനകിയും കൂടിയാണ്.
ജീവിതത്തിലെ പതിവു സുരക്ഷിതവഴികള്‍ വിട്ട് എഴുത്തിന്റെ വഴിയിലേക്കുള്ള കടന്നു വരവ് എങ്ങനെയായിരുന്നു?
നാലാം വയസ്സില്‍ എനിക്ക് അമ്മയെ നഷ്ടമായി. ഞാനും അനിയനും കൂടിയുള്ള ഒരു ജീവിതമായിരുന്നു. അച്ഛന്‍ ഇത്തരം കാര്യങ്ങളില്‍ ഒന്നും അധികം ശ്രദ്ധിക്കുന്ന ആളായിരുന്നില്ല. ഞാന്‍ തന്നെയാണ് എന്നെ കണ്ടെത്തിയത്. എന്നിലെ എന്നെ കണ്ടെത്തുക എന്ന ആത്മീയ സൗഭാഗ്യമുണ്ട്. ആ സൗഭാഗ്യം സംഭവിക്കുമ്പോഴാണ് നമുക്ക് ക്രിയേറ്റീവായി സഞ്ചരിക്കാന്‍ കഴിയുന്നത്. അല്ലെങ്കില്‍ പ്രഗത്ഭന്‍ മാത്രമേ ആകൂ, പ്രതിഭ ആവുന്നത് നമ്മളില്‍ ദൈവം പ്രവര്‍ത്തിക്കുന്ന സമയത്താണ്. മനുഷ്യന്‍ എപ്പോഴും പു
തിയ കാര്യങ്ങള്‍ പഠിക്കാന്‍ താല്‍പര്യം ഉള്ളവരാണ്. ആ ഇഷ്ടം കൊണ്ട് നമുക്ക് ഓരോ വിഷയങ്ങളില്‍ പ്രാഗത്ഭ്യം ഉണ്ടാകും. പക്ഷേ നമ്മളില്‍ ഒരു ദൈവാംശം പ്രവര്‍ത്തിക്കുമ്പോഴാണ് നമ്മുടെ സൃഷ്ടികള്‍ വ്യത്യസ്തമാകുന്നത്.
പാട്ടിന്റെ വഴിയില്‍ തിരിഞ്ഞ് നോക്കുമ്പോള്‍…?
ഏകദേശം 280 കാസറ്റും സിഡികളും ഉണ്ട്. അതില്‍ തന്നെ 2800 ലേറെ പാട്ടുകള്‍. നൂറ്റിമുപ്പത്തഞ്ച് സിനിമകളിലായി മുന്നൂറോളം പാട്ടുകള്‍. 300 ഓളം നാടകങ്ങളിലായി ആയിരത്തിനടുത്ത് ഗാനങ്ങള്‍.അങ്ങനെ നോക്കുമ്പോള്‍ ഈ മുപ്പത്തിരണ്ട് വര്‍ഷത്തിനിടയില്‍ നാലായിരത്തോളം പാട്ടുകള്‍ എഴുതി. വളരെ ചെറുപ്പത്തില്‍ തന്നെ, പതിനെട്ട് വയസ്സിനുള്ളില്‍ തന്നെ എഴുതി തുടങ്ങിയത് കൊണ്ടാണ് ഇത്രയുമൊക്കെ സംഭവിച്ചത്. പുരസ്‌കാരങ്ങളെക്കാള്‍ അവസരങ്ങളാണ് നമുക്ക് കിട്ടുന്ന അംഗീകാരം. അത്തരത്തില്‍ അംഗീകാരം കിട്ടുമ്പോഴും എഴുതുമ്പോഴുമെല്ലാം ദൈവാധീനം ഉള്ളതായി തോന്നിയിട്ടുണ്ട്.
ഭക്തിഗാനങ്ങള്‍ എഴുതുമ്പോള്‍ ഒരു കവി എന്ന നിലയില്‍ ആ മേഖലയെ എങ്ങനെ നോക്കിക്കാണുന്നു?
എല്ലാ എഴുത്തിനും ഒരു ദൈവാധീനം വേണമല്ലോ, എന്തെഴുതിയാലും… എല്ലാത്തിലും ഒരു ആത്മീയതയുണ്ട്. പക്ഷേ ഭക്തിഗാനങ്ങള്‍ എഴുതുമ്പോള്‍ അത് നമുക്ക് കുറച്ച് കൂടി വ്യക്തമായി അനുഭവിക്കാന്‍ കഴിയും. എല്ലാ എഴുത്തിനും അതിന്റേതായ വൈകാരിക സ്പര്‍ശമുണ്ട്. ആ സ്പര്‍ശം ഭക്തിഗാനത്തില്‍ ആകുമ്പോള്‍ പ്രത്യേകിച്ച് നമുക്ക് അറിയാന്‍ കഴിയും.
പ്രണയ ഗാനങ്ങള്‍ എഴുതുമ്പോഴും അതില്‍ ആത്മീയതയുണ്ട്, ഇല്ലെന്നല്ല. നമ്മള്‍ സത്യസന്ധമായി അനുഭവിക്കുന്ന ആത്മരതിയുടെ പേരാണ് ആത്മീയത. ഏറ്റവും നന്നായി പഠിപ്പിക്കുമ്പോള്‍ അദ്ധ്യാപകന്‍ അനുഭവിക്കുന്നതും നന്നായി സമൂഹത്തില്‍ ഇടപെടുമ്പോള്‍ ഒരു പൊതുപ്രവര്‍ത്തകന്‍ അനുഭവിക്കുന്നതും ആത്മീയതയാണ്
ഭക്തിഗാന രചനയിലേക്ക് വരുമ്പോള്‍ എഴുത്ത് ആത്മാന്വേഷണമായി മാറുന്നതാണോ?
തീര്‍ച്ചയായും. എഴുത്ത് അങ്ങനെ തന്നെയാണ്. നമ്മള്‍ നമ്മളെ കണ്ടെത്താനായിട്ടുള്ള അനിര്‍വചനീയമായ ഒരു തീര്‍ത്ഥയാത്രയാണ് എഴുത്ത്. അതിന്റെ പേരാണ് ധ്യാനം. ഒരാള്‍ മിഴി പൂട്ടിയിരുന്ന് അയാളെ കണ്ടെത്തുന്നതാണ് ധ്യാനം. എഴുത്തും അങ്ങനെയാണ്.
പ്രതിഭാധനരായ ഗായകര്‍, സംഗീത സംവിധായകര്‍ ഒക്കെയായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടല്ലോ, ആ അനുഭവങ്ങള്‍ പങ്കു വയ്‌ക്കാമോ?
നാടകരംഗത്ത് തന്നെ ഇന്ന് നമ്മോടൊപ്പമില്ലാത്ത അഞ്ച് സംഗീത സംവിധായകരോടൊപ്പം, എം. കെ. അര്‍ജുനന്‍ മാസ്റ്റര്‍, കുമരകം രാജപ്പന്‍, ഫ്രാന്‍സിസ് വലപ്പാട്, വൈപ്പിന്‍ സുരേന്ദ്രന്‍, കലവൂര്‍ ബാലന്‍ എന്നീ മഹാരഥന്മാരായ സംഗീതജ്ഞരോടൊപ്പം എനിക്ക് പാട്ടുണ്ടാക്കാന്‍ കഴിഞ്ഞു. കാസറ്റ് രംഗത്ത് വന്നപ്പോഴും ദക്ഷിണാമൂര്‍ത്തി സ്വാമി, ജയവിജയ ജയന്‍, ടി. എസ്. രാധാകൃഷ്ണന്‍, എം. ജി രാധാകൃഷ്ണന്‍, പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, അങ്ങിനെയുള്ള പ്രഗത്ഭ സംഗീതജ്ഞന്‍മാര്‍. ജയവിജയയ്‌ക്ക് വേണ്ടി മുപ്പതോളം ആല്‍ബങ്ങളിലായി ഇരുനൂറോളം ഗാനങ്ങള്‍ ചെയ്തിട്ടുണ്ട്. ഇവരുമായൊക്കെ സഹകരിക്കാനുള്ള അസുലഭ ഭാഗ്യം ലഭിച്ചത് ജീവിതത്തിലെ അതുലമായ അനുഗ്രഹമായി കരുതുന്നു.
എ. ആര്‍. റഹ്‌മാനുമായി വണ്‍ ലവ് എന്ന ആല്‍ബത്തില്‍ സഹകരിച്ചു. സിനിമയില്‍ ഔസേപ്പച്ചന്‍, മോഹന്‍ സിത്താര, വിദ്യാസാഗര്‍, എം. ജയചന്ദ്രന്‍, ബിജിപാല്‍, ഗോപി സുന്ദര്‍ അങ്ങനെ വലിയ സംവിധായകര്‍ക്കൊപ്പം സഹകരിച്ചു.
പ്രിയപ്പെട്ട ഗായകരോടൊപ്പമുള്ള ഓര്‍മ്മകള്‍…?
ഏതൊരു മലയാളിയും ഒരു പക്ഷെ ഗാനം ഇഷ്ടപ്പെടുന്ന ഏതൊരാള്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട ഗായകന്‍ യേശുദാസ് ആയിരിക്കുമല്ലോ, എല്ലാ മലയാളികളുടെയും സ്വപ്നം പോലെ എന്റെയും സ്വപ്നമായിരുന്നു ദാസേട്ടനെ കാണുക എന്നത്. ഒന്നു കാണാന്‍ വേണ്ടി ഞാനും അനുജനും, അവനു പതിനാലും എനിക്ക് പതിനഞ്ചും വയസ്സുള്ളപ്പോള്‍ ചേര്‍ത്തലയില്‍ നിന്നും ആലപ്പുഴ വരെ വാടക സൈക്കിളില്‍ പോയി. കാണാന്‍ കഴിയാതെ സങ്കടപ്പെട്ടു പോന്ന ഓര്‍മ്മകള്‍ ഉണ്ട്. അങ്ങനെ ബാല്യത്തിലും കൗമാരത്തിലും ഒരു നോക്ക് കാണാന്‍ ആഗ്രഹിച്ച ആ വലിയ മനുഷ്യന് വേണ്ടി പാട്ടെഴുതുക എന്ന മോഹം… ആദ്യ സിനിമയില്‍ തന്നെ ‘മുന്തിരി വാവേ എന്തിനീ പിണക്കം’ എന്ന ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന സിനിമയ്‌ക്ക് വേണ്ടി യേശുദാസ് പാടി, തരംഗിണിക്ക് വേണ്ടി പാടി. അങ്ങനെ ഭക്തിഗാന രംഗത്തും ചലച്ചിത്ര മേഖലയിലും എന്റെ ഗാനങ്ങളുടെ ഭാഗമായി. അത് പോലെ തന്നെയാണ് ഭാവ ഗായകന്‍ ജയചന്ദ്രനായാലും എസ്.പി. ബാലസുബ്രഹ്‌മണ്യം ആയാലും എം.ജി. ശ്രീകുമാര്‍ ആയാലും ബിജു നാരായണന്‍, വേണുഗോപാല്‍ മാര്‍ക്കോസ് ,ഉണ്ണിമേനോന്‍,കെ. എസ്. ചിത്ര, സുജാത, പുതിയതലമുറയിലെ പ്രതിഭാധനരായ ഗായകര്‍ വരെ എല്ലാവരുമായും നല്ല പാട്ടനുഭവങ്ങള്‍ ഉണ്ടായി. ആ സഹവാസങ്ങള്‍ എന്നിലെ പ്രതിഭയെ പുതുക്കിയെടുക്കുവാന്‍ ഉപകാരപ്രദമായിട്ടുണ്ട്.
മണ്ഡല കാലത്ത് കേരളം ഏറ്റവുമധികം കേള്‍ക്കുന്ന ഗാനങ്ങളില്‍ മുന്‍നിരയില്‍ താങ്കളുടെ ഗാനങ്ങള്‍ ഉണ്ടല്ലോ, ഹൃദയങ്ങളെ തൊടുന്ന ഇമേജറികള്‍ ഗാനങ്ങളില്‍ കൊണ്ടു വരുന്നത് എങ്ങനെയാണ്?
കേള്‍ക്കുന്നവര്‍ ഗാനങ്ങള്‍ സ്വീകരിക്കണമെന്ന നിഷ്‌കളങ്കമായ പ്രാര്‍ത്ഥനയോടെയാണ് എഴുതാന്‍ ഇരിക്കുക. പ്രേക്ഷകരെ അറിഞ്ഞു കൂടി വേണം എഴുതാന്‍. എങ്കില്‍ മാത്രമേ അവര്‍ ഏറ്റെടുക്കൂ. എന്തൊക്കെ പറഞ്ഞാലും ഒരു ഗാനം നമ്മുടെ ഹൃദയത്തില്‍ നിന്നും പറന്നു പോയ ഒരു കിളിയാണ്. നമ്മുടെ ശ്രമം കൊണ്ട് വളരെ കുറച്ച് പേര്‍ മാത്രമേ പാട്ട് കേള്‍ക്കാന്‍ ഇട വരൂ. ഗാനം ഹിറ്റാകുന്നത് ഒരു ദൈവീക കല്പനയാണ്. എന്നേക്കാള്‍ പ്രശസ്തമായ ഒരു പാട്ട് എനിക്ക് ഉണ്ടാവുക എന്നത് അപാരമായ ഒരു അനുഗ്രഹമാണ്. എന്നിലെ കേവല പ്രശസ്തി എന്റെ പരിശ്രമം കഴിയുന്നതോടെ സമാപിക്കും. അതിനപ്പുറം ആളുകള്‍ അത് സ്വീകരിക്കണമെങ്കില്‍ കാലാതിവര്‍ത്തിയായി മാറാനുള്ള ഒരു കൈയ്യൊപ്പ് ആ കാരുണ്യത്തില്‍ നിന്ന് അതിന് ചാര്‍ത്തി കിട്ടിയിരിക്കണം. അങ്ങനെയുള്ള പാട്ടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍പരം ഭാഗ്യം വേറെ എന്താണ് ഉണ്ടാകാന്‍. പാട്ടെഴുത്തിന്റെ സമസ്ത മേഖലകളിലും അടയാളപ്പെടാനായ ചാരിതാത്ഥ്യത്തില്‍ വലുതായി മറ്റൊരു അംഗീകാരത്തേയും കരുതുന്നില്ല.
















