തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2025-ലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സംസ്ഥാനത്ത് ഒരു പുതിയ രാഷ്‌ട്രീയ ചര്‍ച്ചയുടെ വാതില്‍ തുറന്നിരിക്കുന്നു. മലയാളിയുടെ രാഷ്‌ട്രീയ സംസ്‌കാരത്തില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാകുകയാണോ? ഉണ്ടെങ്കില്‍, അതിനെ നിര്‍ണയിക്കുന്ന സാമൂഹ്യ-രാഷ്‌ട്രീയ ഘടകങ്ങള്‍ ഏതൊക്കെയാണ്? ഇതിലാണ് ഇപ്പോഴത്തെ ചര്‍ച്ചകളുടെ കേന്ദ്രീകരണം.
പതിറ്റാണ്ടുകളായി തദ്ദേശതലത്തില്‍ നിലനിര്‍ത്തിയിരുന്ന ഇടതുപക്ഷ മേല്‍ക്കൈ ഗണ്യമായി ക്ഷയിച്ചിരിക്കുന്നു. എന്നാല്‍ ഈ തിരിച്ചടി പരമ്പരാഗത വൈരികളായ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും സമാനാനുപാതത്തില്‍ നേട്ടമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ അവസരത്തിലാണ് ബിജെപി സംസ്ഥാന രാഷ്‌ട്രീയത്തില്‍ ബദല്‍ ശക്തിയായി സാന്നിധ്യം ഉറപ്പിച്ചിരിക്കുന്നത്.
സീറ്റെണ്ണത്തില്‍ പ്രത്യക്ഷമായതിനേക്കാള്‍ ബിജെപിയുടെ മുന്നേറ്റം വോട്ടുവിഹിതത്തിലാണ് പ്രതിഫലിക്കുന്നത്. ഇടതുപക്ഷത്തിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ വിള്ളല്‍ സൃഷ്ടിക്കുന്നതും കോണ്‍ഗ്രസിന്റെ പിന്‍വാങ്ങല്‍ കാണിക്കുന്ന മണ്ഡലങ്ങളില്‍ ബദല്‍ ശക്തിയായി ഉയരുന്നതും നാളിതുവരെയുള്ള വോട്ട് വിന്യാസത്തില്‍ നിന്നുള്ള സ്ഥിരതയുള്ള മാറ്റത്തിന്റെ സൂചനകളാണ്.
വിജയത്തോട് അടുക്കുമ്പോള്‍ കുതിപ്പ് സൃഷ്ടിക്കാനുള്ള കഴിവ് ബിജെപി പല സംസ്ഥാനങ്ങളിലും ആവര്‍ത്തിച്ച് കാണിച്ചിട്ടുള്ളതാണ്. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രവണതകള്‍ ആറുമാസത്തിനകം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പുത്തന്‍ രാഷ്‌ട്രീയക്രമീകരണങ്ങള്‍ക്ക് വേദി ഒരുക്കുമെന്ന വിലയിരുത്തല്‍ പ്രസക്തമാകുന്ന പശ്ചാത്തലമാണിത്.
ഇപ്പോഴുയരുന്ന മൂര്‍ത്തമായ ചോദ്യം ഇങ്ങനെയാകും
നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി ബിജെപി മുന്നോട്ടുവയ്‌ക്കുന്ന വികസന കാഴ്ചപ്പാടുകള്‍ക്കും പ്രത്യയശാസ്ത്ര നിലപാടുകള്‍ക്കും കേരളത്തില്‍ ഇതുവരെയായി നിലനിന്നിരുന്ന ഇരട്ട മുന്നണി മാതൃകയെ തകര്‍ക്കാനുള്ള ശേഷിയുണ്ടോ? ഈ ചോദ്യത്തെ വികസനപരമായ പരിപ്രേക്ഷ്യത്തിലും ചരിത്രദാര്‍ശനിക തലത്തിലും പരിശോധിക്കേണ്ടതുണ്ട്.
വികസന സാധ്യത തേടുന്ന പുതിയ രാഷ്‌ട്രീയം
പ്രാദേശിക വിഷയങ്ങള്‍ സാധാരണയായി ആധിപത്യം പുലര്‍ത്തുന്നതാണ് കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പുകള്‍. എങ്കില്‍പ്പോലും, മോദി പ്രതീകവത്കരിക്കുന്ന വികസനരാഷ്‌ട്രീയം പ്രസക്തി ഉണ്ടാക്കിയെന്നത് ശ്രദ്ധേയമാണ്. കേരളത്തിലൊട്ടാകെ നടക്കുന്ന ദേശീയപാത വികസനം ഇതിന് ഒരു പ്രധാന കാരണമായി കണക്കാക്കണം. പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പോലും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സാന്നിധ്യം കേരളത്തില്‍ എത്രമാത്രം ആഴത്തില്‍ ഇടംപിടിച്ചിട്ടുണ്ടെന്ന് തെളിയിച്ചു.
വോട്ടുവിഹിതത്തിലെ നിര്‍ണ്ണായക മാറ്റങ്ങളിലൂടെ തദ്ദേശ തെരഞ്ഞടുപ്പില്‍ പ്രതിഫലിപ്പിക്കപ്പെട്ടത് ഒരു ജനതയുടെ രാഷ്‌ട്രീയസാമൂഹിക മുന്‍ഗണനകളില്‍ ഉണ്ടായ ഗതിമാറ്റങ്ങളാണെന്നതാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. വികസനാധിഷ്ഠിതമായ ഒരു പരിപ്രേക്ഷ്യത്തിലേക്ക് സംസ്ഥാന രാഷ്‌ട്രീയം മാറുന്നുവെന്നതാണ് തദ്ദേശഫലങ്ങളുടെ ക്രിയാത്മക പ്രതിഫലനം.
ഈ പശ്ചാത്തലത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കണമെങ്കില്‍ കേരളത്തിന്റെ രാഷ്‌ട്രീയഘടനയിലേക്ക് ഒരു ചരിത്രനോട്ടം അനിവാര്യമാണ്.
രാഷ്‌ട്രീയത്തിന്റെ സാംസ്‌കാരിക അടിത്തറ: ശരിയായ തിരിച്ചറിവിലേക്ക്
പിണറായി സര്‍ക്കാരിന്റെ പത്ത് വര്‍ഷങ്ങള്‍ കൂടി ചേര്‍ത്താല്‍ സംസ്ഥാനം ഭരിച്ച കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ ആകെ കാലാവധി 39 വര്‍ഷം കടക്കും; കമ്മ്യൂണിസ്റ്റേതര മുഖ്യമന്ത്രിമാരുടെ കാലാവധി 26 വര്‍ഷം മാത്രമാണ്. 1957-ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് മത്സരിച്ച അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 52 ശതമാനത്തിലധികം സീറ്റുകള്‍ നേടിയിരുന്നു. എന്തായിരുന്നു കേരളത്തിന്റെ ഇടതുപക്ഷാഭിമുഖ്യത്തിന്റെ യഥാര്‍ത്ഥ കാരണം?
അയ്യാവു സ്വാമികളില്‍ തുടങ്ങുന്ന ആത്മീയ-സാംസ്‌കാരിക നവോത്ഥാനത്തിന്റെ പിന്മുറക്കാരെന്ന നിലയിലാണ് ഇടതുപക്ഷം കേരളത്തില്‍ സ്വയം പരിചയപ്പെടുത്തിയത്. കര്‍ഷക സമരങ്ങളുടെ പാരമ്പര്യം ഈ അവകാശവാദത്തിന് ആധികാരികതയും നല്‍കി. അതുകൊണ്ടാണ് സ്വാതന്ത്രാനന്തര കാലഘട്ടത്തില്‍ കേരള രാഷ്‌ട്രീയത്തിന്റെ ഭ്രമണാധാരം ഇടതുപക്ഷമായി മാറിയത്.
എന്നാല്‍, സ്വന്തം നിലപാടുതറ നിഷേധിക്കുന്ന ഇടത് മുഖമാണ് കാലം ചെല്ലുന്തോറും പ്രത്യക്ഷമായത്. ആത്മീയമായ ഒരു ഏകീകൃത സമ്പൂര്‍ണ്ണതയായിരുന്നു കേരളത്തിലെ നവോത്ഥാന ചിന്തകളുടെ സമഗ്രമായ ഒരു മനുഷ്യവിമോചന ദര്‍ശനം. അതിന്റെ അകക്കാമ്പ് ഭാരത സംസ്‌കാരത്തിന്റെ തനതായ അദ്വൈത സിദ്ധാന്തമായിരുന്നു; വ്യത്യസ്തതകളെല്ലാം പരസ്പര മതിപ്പോടെ സമന്വയിച്ച് ഒന്നാകുന്ന ഒരു സമഷ്ടി. അതിലെ സാമൂഹ്യ സമത്വം എന്ന ഘടകത്തെ മാത്രം വേര്‍തിരിച്ചെടുത്ത്, അതിനെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ വിരുദ്ധത്തില്‍ പ്രതിഷ്ഠിക്കുക എന്ന നിലപാടിലൂടെയാണ് മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം പില്‍ക്കാലത്ത് ഇടതുപക്ഷത്തെ നയിച്ചത്.
ചരിത്രപരമായ സത്യാവസ്ഥകളെയെല്ലാം പരസ്പരം ഏറ്റുമുട്ടുന്ന ഘടകങ്ങളായി മാത്രം കണക്കാക്കാനാവുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ അനിവാര്യതയായിരുന്നു ഇത്. ഈ സംഘര്‍ഷ ചിന്താപദ്ധതിയുടെ പ്രയോഗരൂപങ്ങള്‍ പിന്നീട് കൂടുതല്‍ വ്യക്തമായി പ്രത്യക്ഷപ്പെട്ടു. ശബരിമലയിലെ ആചാരവിവാദവും, ഏറ്റവും ഒടുവില്‍ വെളിപ്പെട്ട സ്വര്‍ണ്ണക്കൊള്ളയും ചേര്‍ന്നപ്പോള്‍ ഇടതുപക്ഷം ചരിത്രപരമായി അവകാശപ്പെട്ടിരുന്ന നവോത്ഥാന പാരമ്പര്യത്തിന്റെ വ്യര്‍ത്ഥാവസ്ഥയ്‌ക്ക് സമൂഹമധ്യത്തില്‍ ലളിതമായ ദൃശ്യപരിചയം ലഭിക്കുകയും ചെയ്തു.
മറുവശത്ത്, നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്ന സാംസ്‌കാരിക-രാഷ്‌ട്രീയ ധാരണകള്‍ ഈ പശ്ചാത്തലത്തില്‍ ഒരു താരതമ്യസ്ഥിതി സൃഷ്ടിച്ചു. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഏതെന്ന് ചൂണ്ടിക്കാട്ടി. അതിനെ നേരിടാനുള്ള രാഷ്‌ട്രീയ പദ്ധതികളെ ഓപ്പറേഷന്‍ സിന്ദൂര്‍ സമഗ്രമായി വരച്ചിട്ടു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ പുതിയ രാഷ്‌ട്രീയ ചിന്തകള്‍ ശക്തിനേടുന്നത്.
ചുരുക്കത്തില്‍, തദ്ദേശ തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ ദാര്‍ശനിക-സാമൂഹിക പുനഃക്രമീകരണത്തിന്റെ സൂക്ഷ്മ പ്രതിഫലനമാണെന്നതില്‍ സംശയമില്ല. ഇതിന്റെ ആഴം തിരിച്ചറിയാന്‍ ചരിത്രപരമായ ഒരു വീക്ഷണത്തിലൂടെ കേരളത്തിലെ രാഷ്‌ട്രീയവികാസത്തെ സമീപിക്കണം.
മുന്നണികളുടെ ഉദയവും പ്രത്യയശാസ്ത്ര ദൃഢീകരണവും
1960-ല്‍ നടന്ന രണ്ടാം നിയമസഭാ പൊതുതെരഞ്ഞെടുപ്പിലാണ് സ്വതന്ത്ര കേരളത്തില്‍ മുന്നണി രാഷ്‌ട്രീയം ഉദയംകൊള്ളുന്നത്. കോണ്‍ഗ്രസും പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയും മുസ്ലിംലീഗും ചേര്‍ന്ന സഖ്യം രൂപപ്പെടുകയും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്നിലാക്കി അധികാരം നേടുകയും ചെയ്തു. അതോടെ സംസ്ഥാനത്തിന്റെ രാഷ്‌ട്രീയപാത മുന്നണി ബന്ധങ്ങളിലൂടെയാകുമെന്ന് വ്യക്തമായി.
ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിളര്‍ന്നത് 1964-ലാണ്. വൈരുധ്യ സങ്കല്‍പ്പത്തില്‍ ഊന്നി നില്‍ക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ അനിവാര്യതയായിരുന്നു ഈ പിളര്‍പ്പ്. കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ജനകീയ മുഖമായി മാറിയത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായിരുന്നു. അങ്ങനെ മാര്‍ക്‌സിസ്റ്റ്-കോണ്‍ഗ്രസ് ദ്വന്ദ രാഷ്‌ട്രീയത്തിന്റെ ശാക്തിക പരീക്ഷണശാലയായി കേരളം മാറി. ഈ രണ്ട് പാര്‍ട്ടികള്‍ നേതൃത്വം നല്‍കിയ മുന്നണികളാണ് തുടര്‍ന്ന് വോട്ടിങ് പെരുമാറ്റങ്ങളും തെരഞ്ഞെടുപ്പ് ശീലങ്ങളും നിര്‍ണ്ണയിച്ചത്.
1977-ല്‍ അടിയന്തരാവസ്ഥയ്‌ക്കെതിരായ രാജ്യവ്യാപക വികാരം ശക്തമായി പ്രകടമായപ്പോള്‍, കേരളത്തില്‍ അത് പ്രത്യക്ഷമായില്ല. ലോക്‌സഭയിലേക്കുള്ള 20 സീറ്റുകളും നിയമസഭയിലെ 140 സീറ്റുകളില്‍ 111 സീറ്റുകളും അന്നത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണി നേടി. എന്നിരുന്നാലും ദേശീയ രാഷ്‌ട്രീയത്തിലെ ജനാധിപത്യ താളം കേരള രാഷ്‌ട്രീയം വൈകാതെ തിരിച്ചറിഞ്ഞു.
പിളര്‍പ്പിന്റെ കാലം മുതല്‍ കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന സിപിഐ ആ ദീര്‍ഘകാല ബാന്ധവം ഉപേക്ഷിച്ച് ഇടത് ക്യാമ്പില്‍ ചേര്‍ന്നത് ദേശീയ രാഷ്‌ട്രീയത്തിന്റെ ആഹ്വാനം ചെവിക്കൊണ്ടതിന്റെ ഫലമായിരുന്നു. ഇതോടെ 1979-ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപം കൊണ്ടു. അതേ വര്‍ഷം തന്നെ കരുണാകരന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണിയും മറുഭാഗത്ത് നിലവില്‍വന്നു. ദേശീയ രാഷ്‌ട്രീയ വികാരങ്ങളെ സാവകാശം മാത്രം ഉള്‍ക്കൊള്ളുന്നതാണ് കേരളത്തിന്റെ സ്വഭാവം എന്നതിന്
വ്യക്തമായ ഉദാഹരണമായിരുന്നു ഈ ഘട്ടം. ഇതോടെ കേരളത്തിലെ മുന്നണി രാഷ്‌ട്രീയം പ്രത്യയശാസ്ത്ര രൂപത്തിലേക്ക് മാറ്റപ്പെട്ടു.
മൂന്നാം ശക്തിയുടെ ഉയിര്‍പ്പും ആശയ ദ്രവീകരണവും
2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഭാരത രാഷ്‌ട്രീയത്തിന്റെ ഭാഗധേയം തിരുത്തി നിര്‍ണ്ണയിച്ചത് ചരിത്രമാണ്. മുന്‍പെന്നപോലെ കേരളം ഇപ്പോഴും ദേശീയ രാഷ്‌ട്രീയ പ്രവണതകളോട് പൂര്‍ണ്ണമായി ഒപ്പമുണ്ടായിരുന്നില്ല. എന്നാല്‍, സംസ്ഥാനത്ത് ആദ്യമായി ബിജെപി വോട്ട് വിഹിതം ഇരട്ട അക്കത്തിലേക്ക് കടന്നത് ഈ തെരഞ്ഞെടുപ്പിലായിരുന്നു.
എല്‍ഡിഎഫ് രൂപീകരണ ഘട്ടം മുതല്‍ അതിന്റെ ഭാഗമായിരുന്ന ആര്‍.എസ്.പി ദേശീയതലത്തിലും ഇടത് മുന്നണിയുടെ അവിഭാജ്യ ഘടകമായിരുന്നു. 2016-ല്‍ അധികാരത്തിലെത്തിയ പിണറായി സര്‍ക്കാരിന്റെ സാമ്പത്തിക രാഷ്‌ട്രീയ നയങ്ങള്‍ പരമ്പരാഗത ഇടതുപക്ഷ നിലപാടുകളില്‍ നിന്ന് എല്‍ഡിഎഫ് ബഹുദൂരം അകന്നിരിക്കുന്നു എന്ന സന്ദേശം നല്‍കി. 2021-ലെ തുടര്‍ഭരണകാലഘട്ടത്തില്‍ ‘ഇടതുപക്ഷം’ എന്നത് ഒരു നാമവിശേഷണമായി ചുരുങ്ങുന്നു എന്ന പൊതുവായ വിലയിരുത്തലും ശക്തമായി.
അതേസമയം, 2020-ല്‍ ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കേറിയത് ഇരട്ടമുന്നണി സംവിധാനത്തിന്റെ പ്രത്യയശാസ്ത്ര ഭിത്തികള്‍ വീണ്ടും ദുര്‍ബലമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ കൂട്ടുകെട്ട് എല്‍ഡിഎഫിന് താത്കാലിക നേട്ടങ്ങള്‍ നല്‍കിയെങ്കിലും, രാഷ്‌ട്രീയമായി അതില്‍ ദീര്‍ഘകാല വിപല്‍സാദ്ധ്യതകള്‍ ഏറെ അടങ്ങിയിരുന്നു.
കേരള രാഷ്‌ട്രീയം: പ്രതിസന്ധികളും നവീകരണ സാധ്യതയും
ബാര്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരുകാലത്ത് മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ പോലും അനുവദിക്കാതിരുന്ന മുന്നണിയാണ് എല്‍.ഡി.എഫ്. ഏറെ വൈകും മുന്‍പാണ് അതേ പാര്‍ട്ടിയെ പരവതാനി വിരിച്ച് മുന്നണിയിലേക്ക് സ്വീകരിച്ചത്. ഇതിനെ ബാലന്‍സ് ചെയ്യാനെന്നോണം, 2016-ന് ശേഷം ഇടതുപക്ഷം പ്രീണന രാഷ്‌ട്രീയത്തിലേക്ക് കൂടുതല്‍ വഴുതിപ്പോയി.
യുക്തിരഹിതമായ ഹമാസ് അനുകൂല നിലപാടുകളായും, മുനമ്പം വിഷയത്തില്‍ തദ്ദേശീയരെ വിസ്മരിക്കുന്ന സമീപനങ്ങളായും, ഇങ്ങനെ വളര്‍ന്ന പ്രീണന രാഷ്‌ട്രീയം സെയിന്റ് റീത്താസ് സ്‌കൂള്‍ യൂണിഫോം വിവാദത്തിലേക്കുവരെ എത്തിനിന്നു.
ഇതെല്ലാം ഇടതുപക്ഷത്തിന്റെ രാഷ്‌ട്രീയ വിശ്വാസ്യത ക്ഷയിപ്പിച്ചു. പിന്തിരിഞ്ഞ് നോക്കിയാല്‍, 1960-കളിലെ പൊതു സ്വീകാര്യതയുടെ നിഴല്‍പോലും ഇന്ന് ഇടതുപക്ഷത്തിനൊപ്പമില്ലെന്നത് കാണാന്‍ കഴിയും. അതിന്റെ വ്യക്തമായ പ്രതിഫലനമാണ് തദ്ദേശ തെരെഞ്ഞെടുപ്പ് ഫലങ്ങള്‍.
ചുരുക്കത്തില്‍, ഇടതുപക്ഷത്തിന് തദ്ദേശ തെരെഞ്ഞെടുപ്പിലുണ്ടായിരിക്കുന്ന തിരിച്ചടി ആശയപരവും ചരിത്രപരവും തന്ത്രപരവുമായ തെറ്റായ നിലപാടുകളുടെ സ്വാഭാവിക സൃഷ്ടിയാണ്. കേരള രാഷ്‌ട്രീയത്തെ പുനര്‍നിര്‍വ്വചിക്കുന്ന പുതിയ സാഹചര്യങ്ങളിലേക്ക് ഇത് അനിവാര്യമായി വളര്‍ന്നെത്തും. 2026 ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പേ തന്നെ.
കാരണം അധികാരഭ്രമത്തില്‍ ഇടതുപക്ഷ രാഷ്‌ട്രീയം മറന്നു കളഞ്ഞത് കാലങ്ങളായി അതിനോടൊപ്പം നിലകൊണ്ട ഒരു ജനതയെയാണ്. മുറിവേറ്റിരിക്കുന്നത് അവരുടെ വിശ്വാസത്തിനും ആത്മാഭിമാനത്തിനുമാണ്. ഇതിന് പരിഹാരം ഒരു തെരഞ്ഞെടുപ്പ് വിധിയില്‍ മാത്രം ഒതുങ്ങുന്നതാവില്ല.
(തൃപ്പൂണിത്തുറ ഗവ. കോളജ് പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ടുമെന്റ് അസി. പ്രൊഫസറും വൈസ് പ്രിന്‍സിപ്പാളുമായിരുന്നു ലേഖകന്‍)
















