കട്ടപ്പന: നഗരസഭയുടെ 22-ാം വാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഡ്വ. ഇ.എം. ആഗസ്തി പരാജയപ്പെട്ടു. മൂന്നുവട്ടം എംഎല്‍എയായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറിയാണ് ആഗസ്തി.
എന്നാല്‍ മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഇനി മുതല്‍ പൊതുവേദികളില്‍ ഉണ്ടാകില്ലെന്നും മനഃപൂര്‍വമല്ലാത്ത വീഴ്ചകള്‍ക്ക് മാപ്പ് ചോദിക്കുന്നുവെന്നും സദസിലുണ്ടായാലും പ്രസംഗിക്കാനുണ്ടാകില്ലെന്നും ആഗസ്തി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
നിയമസഭയിലെ പരാജയത്തിന് പിന്നാലെയാണ് കട്ടപ്പന നഗരസഭയിലും അദ്ദേഹത്തെ ജനം കൈവിട്ടത്. മൂന്ന് തവണ എംഎല്‍എ, ജില്ലാ ബാങ്ക് പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, ഡിസിസി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കൂടിയാണ് ആഗസ്തി.
കട്ടപ്പന നഗരസഭ 22-ാം വാര്‍ഡ് ഇരുപതേക്കറിലാണ് മത്സരിച്ചത്. ഇവിടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സി.ആര്‍. മുരളി 60 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുകയായിരുന്നു.
















