കൊച്ചി: വോട്ടര്‍മാരെ അവഹേളിച്ച എം എം മണിയെ തിരുത്തി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. മണിയുടേത് തികച്ചും അനുചിതമായ പ്രസ്താവനയെന്ന് ബേബി സമ്മതിച്ചു. ക്ഷേമപെന്‍ഷന്‍ ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണ്. മണിയുടെ അഭിപ്രായപ്രകടനം തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ബേബി പറഞ്ഞു. എന്നാല്‍ എം എം മണി നടത്തിയ പരാമര്‍ശത്തെ തോല്‍വിയുടെ ഭാഗമായി കാണണമെന്നും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ വര്‍ധിപ്പിച്ചിട്ടും എങ്ങനെയാണ് പരാജയപ്പെട്ടത് എന്ന് കണ്ടെത്തണമെന്നുമാണ് എം വി ജയരാജന്‍ പറഞ്ഞത്.
പെന്‍ഷന്‍ കൃത്യമായി വാങ്ങി ശാപ്പാട് കഴിച്ചിട്ട് ജനങ്ങള്‍ നൈമിഷികമായ വികാരത്തില്‍ വോട്ട് ചെയ്തുവെന്നും നന്ദികേട് കാണിച്ചുവെന്നുമാണ് എം എം മണി പറഞ്ഞത്. തിരഞ്ഞെടുപ്പു തോല്‍വിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു ഈ അധിക്‌ഷേപം.
















