തൃശൂര്‍: യുവനടന്‍ അഖില്‍ വിശ്വനാഥിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബവും സഹപ്രവര്‍ത്തകരും. കഴിഞ്ഞ ദിവസമാണ് അഖില്‍ വിശ്വനാഥനെ (30) വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ചുങ്കാല്‍ ചെഞ്ചേരിവളപ്പില്‍ വിശ്വനാഥന്‍ ഗീത ദമ്പതികളുടെ മകനാണ്. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും സിനിമകളില്‍ പുതിയ അവസരം ലഭിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് വിയോഗം.
സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖില്‍ ‘ഓപ്പറേഷന്‍ ജാവ’ ഉള്‍പ്പെടെ ഏതാനും ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ‘മാങ്ങാണ്ടി’ എന്ന ടെലിഫിലിമിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം സഹോദരന്‍ അരുണിനൊപ്പം പങ്കിട്ടിട്ടുണ്ട്.
കോടാലിയില്‍ മൊബൈല്‍ ഷോപ്പില്‍ മെക്കാനിക്കായിരുന്നെങ്കിലും കുറച്ചു നാളായി ജോലിക്ക് പോയിരുന്നില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.
അച്ഛന്‍ വിശ്വനാഥന്‍ ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. അമ്മ ഗീത കോടാലി വ്യാപാരഭവനില്‍ ജീവനക്കാരിയാണ്.
















