തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ തിങ്കളാഴ്ചവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് രാഹുലിനെ എസിജെഎം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഹാജരാക്കിയതിന് പിന്നാലെ വീണ്ടും കസ്റ്റഡിയിലേക്ക് മാറ്റുകയായിരുന്നു.
പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും രാഹുലിനെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. രാഹുലിനെ പൂജപ്പുര ജയിലിലേക്ക് കൊണ്ടുപായി. ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ രണ്ടുതവണയാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യഹര്‍ജി തള്ളിയത്. അതിജീവിതയ്‌ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നടത്തിയ രാഹുല്‍ ഈശ്വറിനെ നവംബര്‍ 30നായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ല, വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനാവുന്നില്ല, പാസ് വേര്‍ഡ് നല്‍കാത്തതിനാല്‍ ലാപ്‌ടോപ്പ് പരിശോധിക്കാന്‍ ആകുന്നില്ല എന്നി കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിന് പോലീസ് രണ്ടുദിവസമാണ് ചോദിച്ചത്. എന്നാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിന് കോടതി ഒരു ദിവസം മാത്രമാണ് അനുവദിച്ചത്. ഈ സമയപരിധി ഇന്ന് രാവിലെ 11 മണിക്ക് അവസാനിച്ചിരുന്നു.
















