മധുര: തിരുപ്രംകുണ്ട്രം ശ്രീ സുബഹ്‌മണ്യ സ്വാമി ക്ഷേത്രത്തിൽ കാർത്തിക ദീപം തെളിയിക്കാൻ നൽകിയതടക്കമുള്ള തങ്ങളുടെ ഉത്തരവുകൾ തുടർച്ചയായി ലംഘിച്ചത് എന്തിനെന്ന് മദ്രാസ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആരാഞ്ഞു. ഇക്കാര്യത്തിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരായി വിശദീകരണം നൽകാൻ തമിഴ്നാട് ചീഫ് സെക്രട്ടറിയോടും ക്രമസമാധാനചുമതലയുള്ള എഡിജിപിയോടും ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ ഉത്തരവിട്ടു. ഡിസംബർ 17നാണ് ഇവർ ഹാജരാകേണ്ടത്.
ഇത്തരം വിഷയങ്ങളിലെ ഉത്തരവുകൾ ലംഘിക്കുന്നതിൽ സർക്കാർ ഉദ്യോഗസ്ഥർ ഒരു പ്രത്യേക രീതി( പാറ്റേൺ) പുലർത്തുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ദീപസ്തംഭത്തിൽ കാർത്തിക ദീപം തെളിയിക്കാൻ ഭക്തർക്ക് അനുമതി നൽകിയ ഡിസംബർ മൂന്നിന്റെ ഉത്തരവ് ആവർത്തിച്ച് ലംഘിച്ചു. ഡിസംബർ നാലിന് ഡിവിഷൻ ബെഞ്ച് തന്നെ നിർദ്ദേശിച്ചിട്ടും അത് ലംഘിച്ചു. മനപ്പൂർവ്വമാണ് ലംഘനമെങ്കിൽ കോടതിയലക്ഷ്യമാണ്.അതിനാൽ എന്തുകൊണ്ട് ഉത്തരവ് പാലിച്ചില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കണം.
മറ്റു ക്ഷേത്രങ്ങളിലും കോടതി ഉത്തരവുകൾ ലംഘിച്ചു; ഈ ലംഘനങ്ങൾക്ക് ഒരേ സ്വഭാവമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
















