കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വെല്ലുവിളിച്ച് മുർഷദാബാദിൽ ബാബറി മസ്ജിദ് നിർമ്മാണത്തിന് തറക്കല്ലിട്ടതിനെ തുടർന്ന് തൃണമൂൽ കോൺഗ്രസ് സസ്‌പെൻഡ് ചെയ്ത എംഎൽഎ ഹുമയൂൺ കബീർ. ഈ മാസം അവസാനം പുതിയ പാർട്ടി രൂപീകരിക്കുമെന്നും ബംഗാൾ തെരഞ്ഞെടുപ്പിൽ എഐഎംഐഎം (ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ) മേധാവി അസദുദ്ദീൻ ഒവൈസിയുടെ പിന്തുണ തനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നുമാണ് കബീർ പ്രഖ്യാപിച്ചിരിക്കുന്നത്. കൊൽക്കത്തയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃണമൂലിന്റെ അടുത്ത സഖ്യകക്ഷിയാണ് എഐഎംഐഎം.
“ഞാൻ ഒവൈസിയുമായി സംസാരിച്ചു. ഒവൈസി എനിക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡിസംബർ 10 ന് ഞാൻ കൊൽക്കത്തയിൽ പോയി എന്റെ പാർട്ടിയുടെ ഒരു കമ്മിറ്റി രൂപീകരിക്കുകയും ഡിസംബർ 12 ന് ലക്ഷക്കണക്കിന് പിന്തുണക്കാരുമായി എന്റെ പാർട്ടി ആരംഭിക്കുകയും ചെയ്യും”- കബീർ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. തൃണമൂലിന്റെ മുസ്ലീം പിന്തുണാ അടിത്തറ പിടിച്ചെടുക്കുന്നതിലൂടെ അതിന്റെ ശ്രദ്ധേയമായ പ്രകടനം നശിപ്പിക്കാൻ താൻ പദ്ധതിയിടുന്നുണ്ടെന്നും കബീർ പറഞ്ഞു.
നേരത്തെ പശ്ചിമ ബംഗാളിലെ 27 ശതമാനം മുസ്ലീം വോട്ടുകളുടെ ഒരു പ്രധാന ഭാഗം തൃണമൂൽ കോൺഗ്രസിനാണെന്ന് കബീർ പറഞ്ഞിരുന്നു. കൂടാതെ മുസ്ലീങ്ങൾക്കായി പ്രവർത്തിക്കുന്ന ഒരു പുതിയ പാർട്ടി രൂപീകരിക്കുമെന്നും 135 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്നും കബീർ പറഞ്ഞു. ബംഗാൾ തിരഞ്ഞെടുപ്പിൽ താൻ ഒരു ഗെയിം ചേഞ്ചറായിരിക്കും. തൃണമൂലിന്റെ മുസ്ലീം വോട്ട് ബാങ്ക് നശിപ്പിക്കപ്പെടുമെന്നും കബീർ വ്യക്തമാക്കിയിരുന്നു. എന്നാൽ എഐഎംഐഎമ്മോ ഒവൈസിയോ കബീറിന്റെ പ്രസ്താവനയെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
















