ന്യൂദല്‍ഹി: നിലവിലെ സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിനെ ചൊവ്വാഴ്ച സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വിളിച്ചുവരുത്തി. ഇന്‍ഡിഗോ സര്‍വീസുകള്‍ 10 ശതമാനം കുറയ്‌ക്കാന്‍ കേന്ദ്രം ഉത്തരവിട്ടു. തുടര്‍ച്ചയായ എട്ടാം ദിവസവും പ്രധാന നഗരങ്ങലെ 400 ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെയാണിത്. പ്രതിദിനം 2,200 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന എയര്‍ലൈന്‍, 200-ലധികം സര്‍വീസുകള്‍ കുറവ് വരുത്തേണ്ടിവരും. പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്‌റെ ഭാഗമായാണ് ഈ നിര്‍ദേശം.
നേരത്തെ, ഇന്‍ഡിഗോ ‘വീണ്ടും പ്രവര്‍ത്തനക്ഷമമായിരിക്കുന്നു’ എന്നും ‘പ്രവര്‍ത്തനങ്ങള്‍ സുസ്ഥിരമാണെ’ന്നും എക്‌സില്‍ ഒരു വീഡിയോ പ്രസ്താവന വഴി എല്‍ബേഴ്സ് അറിയിച്ചിരുന്നു. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ താന്‍ ‘അങ്ങേയറ്റം ഖേദിക്കുന്നു’ എന്നും അദ്‌ദേഹം പറഞ്ഞു.
















