കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയിൽ നിർമ്മിക്കാൻ പോകുന്ന ബാബറി മസ്ജിദ് നിർമ്മിക്കുന്നതിനായി മുസ്ലീങ്ങൾ തങ്ങളുടെ ഖജനാവുകൾ തുറന്നു കൊടുക്കുന്നു. ഡിസംബർ 6 ന് പള്ളിയുടെ കല്ലിടൽ ചടങ്ങിന് ശേഷം സസ്‌പെൻഡ് ചെയ്യപ്പെട്ട ടിഎംസി എംഎൽഎ ഹുമയൂൺ കബീർ സംഭാവനകൾക്കായി അഭ്യർത്ഥിച്ചിരുന്നു. ഇതിനുശേഷം, സംഭാവന നൽകാനുള്ളവരുടെ അനിയന്ത്രിത തിരക്കാണ് കാണാൻ കഴിയുക.
ബെൽദംഗയിൽ സൂക്ഷിച്ചിരുന്ന 11 സംഭാവന പെട്ടികൾ നിമിഷങ്ങൾക്കുള്ളിൽ നോട്ടുകൾ കൊണ്ട് നിറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ക്യുആർ കോഡ് വഴിയും പണവും ഒഴുകാൻ തുടങ്ങി. തിങ്കളാഴ്ച വൈകുന്നേരം വരെ ഓൺലൈൻ യുപിഐ വഴി 2.47 കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടതായി ഹുമയൂൺ കബീർ പറഞ്ഞു. മറ്റ് ആറ് സംഭാവന പെട്ടികളിലായി 57 ലക്ഷം രൂപയാണിതുവരെ എത്തിയത്. ഇതേ തുടർന്ന് മെഷീനുകൾ വഴിയുള്ള പണത്തിന്റെ എണ്ണൽ ചൊവ്വാഴ്ചയും തുടരുകയാണ്.
പണം എത്തുന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും
പശ്ചിമ ബംഗാളിൽ നിന്ന് മാത്രമല്ല രാജ്യത്തുടനീളമുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ മുർഷിദാബാദിൽ നിർമ്മിക്കാൻ പോകുന്ന ബാബറി മസ്ജിദിനായി സംഭാവന നൽകുന്നുണ്ട്. ടിഎംസി എംഎൽഎ ഹുമയൂൺ കബീർ, ബാബറി മസ്ജിദ് നിർമ്മാണത്തിനായി 38 കോടി രൂപയുടെ ബജറ്റ് കണക്കാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡിസംബർ 6 ന് പള്ളിയുടെ ശിലാസ്ഥാപന ചടങ്ങിന് ശേഷമാണ് സംഭാവനകൾ ആരംഭിച്ചത്. ബെൽഗണ്ടയിൽ ആളുകൾ ഇഷ്ടികകളും പണവുമായി എത്തി.
സംഭാവനകൾക്കായി പതിനൊന്ന് സംഭാവന പെട്ടികൾ അവിടെ സ്ഥാപിച്ചു. ശിലാസ്ഥാപന ചടങ്ങിന് ശേഷം വലിയ സ്റ്റീൽ പെട്ടികളിലേക്ക് പണം നിക്ഷേപിക്കാൻ തുടങ്ങുകയായിരുന്നു. ആളുകൾ നോട്ടുകളുടെ കെട്ടുകൾ പെട്ടികളിലേക്ക് എറിയുകയായിരുന്നു. പല നോട്ടുകളും ലക്ഷ്യത്തിലെത്തിയില്ല, അത്തരം നോട്ടുകൾ ചാക്കുകളിൽ നിറച്ചു. ഒടുവിൽ ബാങ്കിന്റെ പണ നിക്ഷേപ പരിധി കവിഞ്ഞതിനാൽ സംഭാവന നൽകരുതെന്ന് ഹുമയൂൺ കബീറിന് തന്നെ ആളുകളോട് അഭ്യർത്ഥിക്കേണ്ടിവന്നതയാണ് റിപ്പോർട്ട്.
റിപ്പോർട്ടുകൾ പ്രകാരം ഞായറാഴ്ച രാത്രി കബീർ തന്റെ ബെഹ്റാംപൂർ വസതിയിൽ പണം എണ്ണാൻ പ്രാദേശിക മദ്രസകളിൽ നിന്നുള്ള 30 അധ്യാപകരെ ചുമതലപ്പെടുത്തിയെന്നാണ്. സിസിടിവി നിരീക്ഷണത്തിലാണ് എണ്ണൽ നടത്തിയത്. സുതാര്യത നിലനിർത്തുന്നതിനായി മുഴുവൻ പ്രക്രിയയും സോഷ്യൽ മീഡിയയിൽ തത്സമയം സംപ്രേഷണം ചെയ്തു. പൊതുജനങ്ങളുടെ പിന്തുണ എല്ലാ പ്രതീക്ഷകളെയും കവിയുന്നുവെന്ന് കബീർ പറഞ്ഞു. ഇന്ത്യയ്‌ക്ക് പുറത്തുനിന്ന് സംഭാവനകൾ ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. പള്ളിക്ക് വേണ്ടി ആളുകൾ സ്വമേധയാ സംഭാവന നൽകിയതായി കബീർ പറഞ്ഞു. ആ പണം ശരിയായി ഉപയോഗിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. സംഭാവനപ്പെട്ടിയിൽ നിന്ന് വിദേശ കറൻസി കണ്ടെത്തിയെന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം തള്ളിക്കളഞ്ഞു.
അതേ സമയം പള്ളിയെച്ചൊല്ലിയുള്ള കോലാഹലങ്ങൾക്കിടയിൽ ഞായറാഴ്ച രാത്രി തനിക്ക് വധഭീഷണി ലഭിച്ചതായി ഹുമയൂൺ പറഞ്ഞു. നിലവിൽ സംസ്ഥാന സർക്കാർ മൂന്ന് പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് കബീർ പറഞ്ഞു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഹുമയൂൺ കബീർ ദൽഹിയിലേക്ക് പോകുമെന്നും എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി ഉൾപ്പെടെ നിരവധി രാഷ്‌ട്രീയ നേതാക്കളെ കാണുമെന്നും എംഎൽഎയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചു.
















