മട്ടാഞ്ചേരി: കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ തുടര്‍ന്ന് എന്‍സിസിയിലേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ എത്തുന്നു. ദേശീയ അതിര്‍ത്തി സുരക്ഷ ഏജന്‍സികളില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരണയേകുന്നതിന് സ്‌കൂള്‍- കോളജ് തലങ്ങളിലുള്ള പ്രാഥമികതല പരിശീലനക്കളരിയാണ് എന്‍സിസി (നാഷണല്‍ കേഡറ്റ് കോര്‍).
2021 മുതല്‍ 2025 വരെയുള്ള കാലഘട്ടത്തില്‍ ഒരു ലക്ഷത്തിലേറെ പെണ്‍കുട്ടികളാണ് എന്‍സിസിയില്‍ അംഗങ്ങളായി എത്തിയത്. 2021ല്‍ 14,64,727 പേര്‍ അംഗങ്ങളായി ചേര്‍ന്നപ്പോള്‍ 5,20,026 പേര്‍ (35.5%) പെണ്‍കുട്ടികളായിരുന്നു.
2022ല്‍ 14,81,279 പേരില്‍ 5,29,340 (35.74%), 2023ല്‍ 15,14,518ല്‍ 5,60,711 (37.02%) പേരും, 2024ല്‍ 15,33,866 ല്‍ 5,96,740 (38.90%) പേരും, 2025ല്‍ 15,58,199ല്‍ 6,33,804(40.68%) പേരും പെണ്‍കുട്ടികളാണ്. ജമ്മു കശ്മീര്‍, ലഡാക്ക്, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഏറെ പെണ്‍കുട്ടികള്‍ എന്‍സിസിയില്‍ കടന്നെത്തുന്നതായാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞത്.
കേരളത്തിലും എന്‍സിസിയില്‍ സമാന വളര്‍ച്ചയുണ്ടാകുന്നതായും ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ വര്‍ദ്ധന, പഠനരീതി, പരിശീലനം, തുല്യത, വനിതാ ഓഫീസര്‍മാരുടെ സാന്നിധ്യം തുടങ്ങി വിവിധ ഘടകങ്ങളാണ് പെണ്‍കുട്ടികള്‍ക്ക് പ്രേരണക്കിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
അതിര്‍ത്തി- ദേശരക്ഷാ സേനകളില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിച്ചതും ഉന്നത ശ്രേണികളിലേയ്‌ക്കുള്ള അവസര സൃഷ്ടിയുമാണിതിന് കാരണമെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചുണ്ടിക്കാട്ടി.












