പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി ലഭിച്ചതായി യുഡിഎഫ് കൺവീനറും എം.പി.യുമായ അടൂർ പ്രകാശ് അഭിപ്രായപ്പെട്ടു. പത്തനംതിട്ടയിൽ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. “കലാകാരൻ എന്ന നിലയിൽ മാത്രമല്ല, വ്യക്തി എന്ന നിലയിലും ദിലീപിന് നീതി ലഭ്യമായി. ദിലീപുമായി എനിക്ക് അടുത്ത ബന്ധമുണ്ട്, വ്യക്തിപരമായി എനിക്ക് ഇതിൽ സന്തോഷമുണ്ട്,” അടൂർ പ്രകാശ് പറഞ്ഞു.
ഉന്നത പോലീസ് നേതൃത്വത്തിൽ ഉണ്ടാക്കിയെടുത്ത ഗൂഢാലോചനയാണ് ഈ കേസിനാധാരം എന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുള്ള കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങളിൽ താനല്ല അഭിപ്രായം പറയേണ്ടതെന്നും, എന്നാൽ ഈ കേസിൽ സർക്കാർ അറസ്റ്റ് രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു എന്നും അദ്ദേഹം ആരോപിച്ചു. “സർക്കാർ അപ്പീൽ പോകുമല്ലോ. സർക്കാരിന് മറ്റു പണിയൊന്നുമില്ലല്ലോ. ആരെ ദ്രോഹിക്കാനുണ്ട് എന്നുള്ളതാണ് സർക്കാർ നോക്കുന്നത്. ആ സർക്കാരിനെ സംബന്ധിച്ചിടത്തോളം എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കാൻ പറ്റുന്നതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
















