തൃശൂര്‍: അതിജീവിതക്കൊപ്പമാണ് ബിജെപിയെന്ന് ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. നടിക്കൊപ്പം മാത്രമല്ല സമൂഹത്തില്‍ പീഡനമേറ്റ എല്ലാ അതിജീവിതമാര്‍ക്കും പാര്‍ട്ടിയുടെ പിന്തുണയുണ്ടാകുമെന്നും കൃഷ്ണദാസ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ ആര്‍. ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകള്‍ അതിജീവിതയ്‌ക്ക് എതിരല്ല. അവരുടെ പ്രസ്താവന വളച്ചൊടിച്ച് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. അതിജീവിതകള്‍ക്കൊപ്പം നില്‍ക്കാനുള്ള ബിജെപിയുടെ തീരുമാനമാണ് ശ്രീലേഖയുടെയും നിലപാടെന്ന് കൃഷ്ണദാസ് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പീഡന വിഷയത്തിലും ഇതേ നിലപാടാണ് പാര്‍ട്ടിക്ക്. തൃശൂര്‍ പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്ലാമി സ്മാര്‍ത്തവിചാരം നടത്തിയാല്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതികേടിലാണ് ഇരുമുന്നണികളും. ജമാഅത്തെ ഇസ്ലാമിക്കൊപ്പമുള്ള എല്‍ഡിഎഫ് – യുഡിഎഫ് ബന്ധം മറനീക്കി പുറത്തുവരികയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്തിന്റെ തലവര മാറ്റിയെഴുതും. തൃശൂരില്‍ സുരേഷ് ഗോപി നേടിയ വിജയം കേരളമാകെ വ്യാപിക്കുമെന്നും കൃഷ്ണദാസ് അവകാശപ്പെട്ടു. ട്രിപ്പിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ എന്ന മോദി മോഡല്‍ സര്‍ക്കാരാണ് ബിജെപിയുടെ വാഗ്ദാനം. തെരഞ്ഞെടുപ്പില്‍ വികസനവും വിശ്വാസവുമാണ് ബിജെപി മുന്നോട്ടുവയ്‌ക്കുന്നതെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
















