പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്ക് പിന്നില്‍ ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന്‍, ഹൈദരാബാദ് സ്വദേശി നാഗേഷ് അടക്കമുള്ള സംഘത്തിന് പങ്കുള്ളതായി സംശയം ബലപ്പെടുന്നു. ശബരിമല ശ്രീകോവിലിലെ പാളികളില്‍ നിന്നും എസ്‌ഐടി ശേഖരിച്ച സാമ്പിളുകളുടെ രാസപരിശോധനാ ഫലം വന്നതിന് ശേഷമേ തുടര്‍നടപടികള്‍ ഉണ്ടാവൂ. ദ്വാരപാലക ശില്‍പ പാളികള്‍ പൂര്‍ണമായും മാറ്റിയതായി തെളിഞ്ഞാല്‍ ഗോവര്‍ദ്ധന്‍ ആദ്യം പിടിയിലാവും.
പാളികളുടെ ആന്റിക് മൂല്യവും ദൈവിക മൂല്യവും കണക്കാക്കി വിദേശത്തേക്ക് കടത്താനോ നാട്ടിലെ വന്‍കിടക്കാരന് കൈമാറാനോ ഗോവര്‍ദ്ധന്‍ ഇടനില നിന്നിരിക്കാമെന്നു സംശയിക്കാന്‍ നിരവധി തെളിവുകള്‍ എസ്‌ഐടിക്കു ലഭിച്ചിട്ടുണ്ട്. ദ്വാരപാലക പാളികളില്‍ നിന്നും ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് വേര്‍തിരിച്ചെടുത്തത് എന്നു പറഞ്ഞ് ബെല്ലാരിയിലെ റോധം ജൂവലറിയില്‍ നിന്ന് ഗോവര്‍ദ്ധന്‍, എസ്‌ഐടിക്ക് കൈമാറിയ 420 ഗ്രാമിലധികം വരുന്ന സ്വര്‍ണം തന്നെ സംശയകരമാണ്. ഈ സര്‍ണം ദ്വാരപാലക ശില്‍പ പാളികളില്‍ നിന്നും വേര്‍തിരിച്ചെടുത്തതാണെന്ന് എസ്‌ഐടി ഇപ്പോഴും കരുതുന്നില്ല. പാളികള്‍ കടത്തിയത് മറയ്‌ക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമാണോ ഇതെന്ന സംശയവുമുണ്ട്. ഇതു ശരിയായാല്‍ ഗോവര്‍ദ്ധനനൊപ്പം സ്മാര്‍ട്ട് ക്രിയേഷന്‍സും കുടുങ്ങാനാണ് സാധ്യത.
















