ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍, ഒറ്റപ്പാലം നഗരസഭകളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊര്‍ജം പകര്‍ന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. കുളപ്പുള്ളി ടൗണിലും, ഒറ്റപ്പാലം ടൗണിലും നടന്ന റോഡ് ഷോ അക്ഷരാര്‍ത്ഥത്തില്‍ പ്രവര്‍ത്തകരെയും സ്ഥാനാര്‍ത്ഥികളെയും ആവേശത്തിലാഴ്‌ത്തി. വന്‍ സ്വീകരണമാണ് ഇരുസ്ഥലങ്ങളിലും ഉണ്ടായിരുന്നത്.
മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ ഷൊര്‍ണൂര്‍ നഗരസഭയുടെ വികസനം ഇല്ലാതാക്കിയെന്നും, അതിന് മാറ്റം വരണമെന്നും സുരേഷ്ഗോപി പറഞ്ഞു.
ഷൊര്‍ണൂര്‍ നഗരസഭ ഞങ്ങളിങ്ങ് എടുത്തോട്ടെ..എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കൂ. അഞ്ചുവര്‍ഷം ഞങ്ങള്‍ക്ക് ഭരണം തരൂ. വികസനം ഞങ്ങള്‍ കാണിച്ചു തരാം. കഴിവുകേടും, കെടുകാര്യസ്ഥതകൊണ്ടും നമുക്ക് പലതും നഷ്ടപ്പെട്ടു. നഗരസഭയില്‍ വികസന മുരടിപ്പാണ്. ഇതുവരെ മാറാത്തത് ഇനി മാറുമെന്നും അതിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. തുടര്‍ന്ന് പ്രകടന പത്രിക പ്രകാശനം ചെയ്തു. ഇടതു മുന്നണിയുടെ ദുര്‍ഭരണത്തില്‍ നിന്നും നഗരസഭകളെ രക്ഷിക്കാന്‍ ബിജെപിക്കുമാത്രമെ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്‌കുമാര്‍, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സിനി മനോജ്, ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് ഇ.പി. നന്ദകുമാര്‍, സെക്രട്ടറി കെ. പ്രദാസ്,മണ്ഡലം പ്രസിഡന്റ് ആര്‍. രജഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.
ഒറ്റപ്പാലം ടൗണില്‍ നടന്നറോഡ് ഷോയില്‍ നഗരസഭയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ പങ്കെടുത്തു. ഒറ്റപ്പാലം നഗരസഭ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വികസനരേഖ സുരേഷ്ഗോപി പ്രകാശനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്‌കുമാര്‍, ബിജെപി വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ പി. വേണുഗോപാലന്‍, മധ്യമേഖല ജന.സെക്രട്ടറി ടി. ശങ്കരന്‍കുട്ടി, മണ്ഡലം പ്രസിഡന്റ് സി. സുമേഷ് സംസാരിച്ചു.
ഒറ്റപ്പാലത്തെയും ഷൊര്‍ണ്ണൂരിലെയും ആവേശോജ്വല റോഡ് ഷോക്ക് ശേഷം രാത്രി പാലക്കാട് നഗരസഭ പരിസരത്തെ കുടുംബയോഗങ്ങളിലും പങ്കെടുത്തു. ഒന്നു മുതല്‍ നാല് വരെ വാര്‍ഡുകളില്‍ കുന്നുംപുറം കുറുംബഭഗവതിക്ഷേത്രത്തിലും, 35,36,37,38,40 വാര്‍ഡുകളിലെ വെണ്ണക്കര മാരിയമ്മന്‍ ക്ഷേത്രത്തിലും, 6 മുതല്‍ 10വരെ വാര്‍ഡുകളിലെ കുടുംബയോഗം മുരുകണി ആല്‍ത്തറയിലും നടന്നു. ബിജെപി നേതാക്കളും സ്ഥാനാര്‍ത്ഥികളും പങ്കെടുത്തു.
















