കൊച്ചി: ശബരിമല, പമ്പ, നിലയ്‌ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ ലഭ്യമായ രാസ കുങ്കുമത്തിന്റെ നിയമവിരുദ്ധ വില്‍പന, സംഭരണം, വിതരണം, ലബോറട്ടറി സര്‍ട്ടിഫിക്കേഷന്‍ എന്നിവയെക്കുറിച്ച് പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വിവിധ ഇടത്താവളങ്ങളിലെ തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ സംബന്ധിച്ച ശബരിമല സ്പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ. വി. ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്.
പമ്പ നദി, വലിയതോട്, മണിമല നദി എന്നിവ പരിശോധിക്കാനും വെള്ളത്തില്‍ രാസ കുങ്കുമത്തിന്റെ സാന്നിധ്യവും നദിയുടെ ആവാസവ്യവസ്ഥയിലുണ്ടാകുന്ന ആഘാതവും സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിസ്ഥിതി എന്‍ജിനീയറോട് നിര്‍ദേശിച്ചു.
ഗുരുതരമായ ആരോഗ്യ-പാരിസ്ഥിതിക അപകടങ്ങള്‍ ചൂണ്ടിക്കാട്ടി, ശബരിമല, പമ്പ, നിലയ്‌ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ രാസ കുങ്കുമത്തിന്റെ വില്‍പ്പനയും ഉപയോഗവും കോടതി നിരോധിച്ചിരുന്നു. എന്നിട്ടും നിരവധി കടകളില്‍ രാസ കുങ്കുമം വ്യാപകമായി ലഭ്യമാണെന്ന് എരുമേലി പഞ്ചായത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പ്രചാരത്തിലുള്ള കുങ്കുമം എറണാകുളം, വെണ്ടുവഴി, കോതമംഗലം എന്നിവിടങ്ങളിലെ ഐഡിയല്‍ എന്റര്‍പ്രൈസസ് വിതരണം ചെയ്യുന്നുണ്ടെന്നും കൊച്ചിയിലെ അമ്പലമേട്ടിലെ ഫാക്ട് കൊച്ചിന്‍ ഡിവിഷന്‍ കാമ്പസിനുള്ളിലുള്ള ‘കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് – ലബോറട്ടറി’ നല്‍കിയതായി പറയപ്പെടുന്ന സര്‍ട്ടിഫിക്കറ്റ് വില്‍പ്പനക്കാര്‍ ഹാജരാക്കുന്നുണ്ടെന്നും കോടതിയില്‍ വാദിച്ചിരുന്നു.
















