തിരുവനന്തപുരം: വയോമിത്രം പദ്ധതിയുടെ ഗുണഭോക്താക്കളുടെ പ്രായപരിധി 60 വയസായി കുറയ്‌ക്കുന്നതിനുള്ള ശിപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് കേരള സാമൂഹിക സുരക്ഷാ വകുപ്പ് ഡയറക്ടര്‍ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ നിര്‍ദേശപ്രകാരം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
പ്രായപരിധി 60 ആക്കണമെങ്കില്‍ പദ്ധതി മാര്‍ഗനിര്‍ദേശം പരിഷ്‌കരിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ 65 ആണ് പ്രായപരിധി. എല്ലാ പഞ്ചായത്തുകളിലും വയോമിത്രം പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതിനായി മിഷന് ലഭ്യമാകുന്ന ബജറ്റ് വിഹിതം മതിയാകാത്ത സാഹചര്യമുണ്ട്. 148 ബ്ലോക്കുകളിലായി 931 പഞ്ചായത്തുകളില്‍ കൂടി പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാനുണ്ട്.
ഇതിനു വേണ്ടി 310 യൂണിറ്റുകള്‍ ആരംഭിക്കണം. ഇതിന് 10,850 ലക്ഷം രൂപ ആവശ്യമുണ്ട്. കൂടുതല്‍ തുക അനുവദിക്കാന്‍ സര്‍ക്കാരിന് കത്ത് നല്‍കിയെങ്കിലും അംഗീകരിച്ചില്ല. തിരുവനന്തപുരം നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യം പരിശോധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എം. വിജയകുമാരന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
















