കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറാവാത്തത് സിപിഎമ്മിന്റെ രാഷ്‌ട്രീയ താത്പര്യം മൂലമാണെന്നും പോലീസ് അറസ്റ്റ് വൈകിച്ചതിന്റെ തിരിച്ചടിയാണ് ഇപ്പോള്‍ കാണുന്നതെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കോഴിക്കോട് കോര്‍പറേഷനെതിരെയുള്ള എന്‍ഡിഎ കുറ്റപത്രം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ എട്ടു മണിക്കൂര്‍ കൊണ്ട് പിടിക്കാന്‍ സാധിച്ച പോലീസിന് രാഹുലിനെ പിടിക്കാന്‍ 10 ദിവസമായിട്ടും പറ്റുന്നില്ലെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന്
ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി പരിഗണിച്ച കാര്യം പരിശോധിക്കാതെ ഹൈക്കോടതി സ്റ്റേ അനുവദിച്ചത് മനസിലാകുന്നില്ല. 15 വരെ അറസ്റ്റ് നീട്ടിയത് നീതീകരിക്കാനാവില്ല. താത്ക്കാലികമായി സ്റ്റേ കിട്ടിയാലും രാഹുലിനും കോണ്‍ഗ്രസിനും ശിക്ഷ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
















