കൊച്ചി: പീഡന, ഗര്‍ഭച്ഛിദ്രക്കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പത്തു ദിവസമായി അറസ്റ്റ് ചെയ്യാതെ, രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കുന്ന ആഭ്യന്തര വകുപ്പിനെതിരെയും പോലീസിനെതിരെയും കടുത്ത പ്രതിഷേധമുയരുന്നു. അറസ്റ്റ് വൈകിച്ച് രാഹുലിന് മേല്‍ക്കോടതികളെ സമീപിക്കാന്‍ അവസരമൊരുക്കുന്നതിനു പിന്നില്‍ രഹസ്യ ഡീലുണ്ടെന്നും ആരോപണമുണ്ട്.
ആദ്യ പരാതിക്കു പിന്നാലെ കൂടുതല്‍ ഗുരുതരമായ രണ്ടാമത്തെ പരാതി ലഭിച്ചിട്ടും പോലീസ് മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തില്ല. രണ്ടാമത്തെ പരാതിയില്‍ യുവതി മൊഴി കൊടുക്കാന്‍ തയാറായിട്ടും അന്വേഷണ സംഘം തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള അവസരമൊരുക്കുകയാണ് പോലീസ് എന്നാണ് ആരോപണമുയരുന്നത്.
ആദ്യ കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയിട്ടും പോലീസ് അന്വേഷണം ശക്തമാക്കിയില്ല. അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചില്ല. ഇതോടെ ഹൈക്കോടതിയെ സമീപിക്കാനുള്ള അവസരം കിട്ടി. ഹൈക്കോടതി അറസ്റ്റ് തടഞ്ഞു. രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടഞ്ഞിട്ടില്ല. എന്നാല്‍ ഈ കേസില്‍ പരാതിക്കാരിയുടെ മൊഴി പോലും രേഖപ്പെടുത്താത്ത സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ അറസ്റ്റിനുള്ള സാധ്യതയില്ല.
ബെംഗളൂരുവില്‍ വലിയ സ്വാധീനങ്ങളുള്ള അഭിഭാഷകയുടെ സംരക്ഷണത്തില്‍ കഴിയുന്നു, കാറുകള്‍ മാറിമാറി സഞ്ചരിച്ച് റിസോര്‍ട്ടുകള്‍ ഒളിത്താവളങ്ങളാക്കുന്നു തുടങ്ങിയ വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും പോലീസിന്റെ നീക്കങ്ങള്‍ മന്ദഗതിയിലായിരുന്നു എന്നത് ദുരൂഹമാണ്. മാങ്കൂട്ടത്തിലിന്റെ ഡ്രൈവറേയും പെഴ്‌സണല്‍ സ്റ്റാഫിനേയും കസ്റ്റഡിയിലെടുത്തെങ്കിലും ബന്ധുക്കള്‍ പരാതി നല്‍കിയപ്പോള്‍ പ്രതി ചേര്‍ത്ത് വിട്ടയച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ തലേന്ന് അറസ്റ്റ് ചെയ്ത് അനുകൂല സാഹചര്യമുണ്ടാക്കാനുള്ള നീക്കം ഹൈക്കോടതി ഉത്തരവോടെ പൊളിഞ്ഞു എന്നും വാദമുയരുന്നു. ഒളിപ്പിച്ചവര്‍ സ്ഥലം പറഞ്ഞുതന്നാല്‍ അറസ്റ്റ് ചെയ്യാമെന്ന വിചിത്ര പരാമര്‍ശമാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതെക്കുറിച്ച് നടത്തിയത്.
















