തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് വോട്ടര്‍മാരെ കബളിപ്പിക്കാനായി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച അതിദാരിദ്ര്യമുക്ത കേരളം എല്‍ഡിഎഫിന് തലവേദനയാകുന്നു. എന്തിന് ഇങ്ങനെ ഒരു പ്രഖ്യാപനമെന്ന് അണികളുടെ ചോദ്യത്തിന് മറുപടി നല്‍കാനാകാതെ കുഴയുകയാണ് നേതൃത്വം. തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്ന സിപിഎം പ്രവര്‍ത്തകരോട് ഞങ്ങളെക്കൂടി ദാരിദ്ര്യ മുക്തരാക്കാത്തതെന്തെന്ന് വോട്ടര്‍മാര്‍ ചോദിക്കുന്നു.
ഒരു നേരത്തെ അന്നത്തിന് വകയില്ലാത്തവര്‍, മറ്റ് പലരുടെയും കാരുണ്യംകൊണ്ട് ജീവിതം മുന്നോട്ട് നയിക്കുന്നവര്‍, റേഷന്‍ കാര്‍ഡ് ബിപിഎല്‍ എന്നാല്‍ അന്ത്യോദയ അന്നപൂര്‍ണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുമില്ല. അന്തിയുറങ്ങുന്നത് തകരഷീറ്റിനും ടാര്‍പോളിനും കീഴില്‍, ഇങ്ങനെ പോകുന്നു വിവിധ വാര്‍ഡുകളിലെ കരളലിയിക്കുന്ന കാഴ്ചകള്‍. ഇവരുടെയെല്ലാം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാകാതെ വീര്‍പ്പുമുട്ടുകയാണ് സിപിഎം പ്രവര്‍ത്തകര്‍.
കേരളപ്പിറവി ദിനത്തിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ശാസ്ത്രീയവും സമഗ്രവുമായ സര്‍വേയിലൂടെ കേരളത്തിലെ 64006 അതിദരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തിയെന്നായിരുന്നു അവകാശവാദം. ഭക്ഷണം, ആരോഗ്യം, ഉപജീവനം,
വാസസ്ഥലം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വെ നടത്തി കുടുംബങ്ങളെ കണ്ടെത്തിയത്. പ്രഖ്യാപനം സര്‍ക്കാരിന്റെ തട്ടിപ്പാണെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു. ഭരണ നേട്ടമെന്നും ഇനി കേരളത്തില്‍ ദരിദ്രര്‍ ഇല്ലെന്നുമാണ് സിപിഎം നേതാക്കളും മന്ത്രിമാരും വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്.
ലൈഫ് ഭവന പദ്ധതിക്കായി ഉണ്ടായിരുന്ന തകരഷീറ്റ് മേഞ്ഞ വീട് പൊളിച്ച് പണി തുടങ്ങി. സര്‍ക്കാര്‍ പണം നല്‍കാതായതോടെ പണി അനിശ്ചിതമായി നീളുന്നു. ഇപ്പോള്‍ പൊളിച്ചു കളഞ്ഞ് ഷീറ്റ് തിരികെ കെട്ടി അതിനു കീഴില്‍ അന്തിയുറങ്ങേണ്ട ഗതികേടിലാണ് നിരവധി കുടുംബങ്ങള്‍. അടച്ചുറപ്പില്ലാത്തിനാല്‍ രാത്രി കാലങ്ങളില്‍ മക്കളുടെ സംരക്ഷണത്തിനായി രക്ഷിതാക്കള്‍ക്ക് ഉറക്കമിളച്ച് ഇരിക്കേണ്ടി വരുന്നു. അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം നടത്തരുതെന്ന് കണക്കുകള്‍ എണ്ണിപ്പറഞ്ഞ് സാമ്പത്തിക വിദഗ്ധരും സാമൂഹിക രംഗത്തുള്ളവരും മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിണറായി വിജയന്‍ ചെവിക്കൊണ്ടില്ല. ഒരു പടികൂടി കടന്ന് രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറിയെന്ന് വീമ്പിളക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യ ദിവസങ്ങളില്‍ അതിദാരിദ്ര്യമുക്ത കേരളം പ്രചരണവിഷയമായിരുന്നു. വോട്ട് അഭ്യര്‍ത്ഥിച്ച് പോയ സിപിഎം പ്രവര്‍ത്തകരുടെ ആവശ്യത്തെ തുടര്‍ന്ന് അതിദാരിദ്ര്യമുക്ത കേരളം മാറി പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചത് പ്രചരണ വിഷയമാക്കി.
















