ന്യൂദല്‍ഹി: ബാങ്കുകള്‍ക്കു നല്കുന്ന വായ്‌പയുടെ പലിശ (റിപ്പോ നിരക്ക്) ആര്‍ബിഐ വെട്ടിക്കുറച്ചു. 0.25 ശതമാനം കുറച്ചതോടെ റിപ്പോ നിരക്ക് 5.25 ശതമാനമായി. നാണ്യപ്പെരുപ്പം (വിലക്കയറ്റം) കുത്തനെ കുറയുകയും സമ്പദ് വ്യവസ്ഥ ശക്തമായി നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റിപ്പോ നിരക്ക് വീണ്ടും കുറച്ചത്. ഇതോടെ ഭവന, വാഹന, വിദ്യാഭ്യാസ, വ്യക്തിഗത വായ്‌പകളുടെ പലിശ കുറയും. വായ്‌പയെടുത്ത ലക്ഷക്കണക്കിനു പേര്‍ക്ക് ആശ്വാസമാകും. ഒക്‌ടോബറില്‍ നാണ്യപ്പെരുപ്പം വെറും 0.3 ശതമാനമായി കുറഞ്ഞു,
അതേസമയം സാമ്പത്തിക വളര്‍ച്ച (ജിഡിപി) 8.2 ശതമാനമായി കുതിച്ചുയര്‍ന്നു, ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ചൂണ്ടിക്കാട്ടി. ഇത് അപൂര്‍വമായ അവസരമാണ്. പ്രതീക്ഷകളെ കവച്ചുവയ്‌ക്കുന്ന സാമ്പത്തിക വളര്‍ച്ചയാണ് കഴിഞ്ഞ ത്രൈമാസ പാദത്തില്‍ രാജ്യം നേടിയത്. ഈ സാഹചര്യത്തില്‍ 2025-26ല്‍ സമ്പദ് വ്യവസ്ഥ 7.3 ശതമാനം വളരുമെന്നാണ് പ്രതീക്ഷ. മുമ്പു പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ 0.5 ശതമാനം കൂടുതലാണിത്. 2025-26ല്‍ നാണ്യപ്പെരുപ്പം വെറും രണ്ടു ശതമാനമായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍.
വായ്‌പകള്‍ നല്കാനും വിപണിയിലെ പണ ലഭ്യതയുറപ്പാക്കാനും ആര്‍ബിഐ ഈ മാസം 1.6 ലക്ഷം കോടി രൂപ വിപണിയിലിറക്കും. ഇതില്‍ ഒരു ലക്ഷം കോടി രൂപയ്‌ക്ക് ആര്‍ബിഐ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ വാങ്ങും. ഇതിനു പുറമേ 61,500 കോടി രൂപയുടെ വിദേശനാണ്യ വിനിമയവും നടത്തും.
















