ലഖ്‌നൗ: മലയാളം ഉള്‍പ്പെടെ ആറ് പുതിയ പ്രാദേശിക ഭാഷകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തര്‍പ്രദേശ്. തമിഴ്, കന്നട, മലയാളം, തെലുങ്ക്, മറാത്തി, ബംഗാളി എന്നീ പ്രാദേശിക ഭാഷകളെയാണ് വൊക്കേഷണല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാരാണസിയില്‍ നടന്ന കാശി തമിഴ് സംഗമം 4.0യുടെ ഉദ്ഘാടന ചടങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ തീരുമാനം.
പ്രാദേശിക ഭാഷകളെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്, വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടത്തിന് അനുസരിച്ച് ഭാഷ തെരഞ്ഞെടുക്കാം. ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. യുവ വിദ്യാര്‍ത്ഥികളില്‍ ഭാഷാപരമായ അവബോധം വളര്‍ത്തിയെടുക്കുന്നതിലൂടെ സാംസ്‌കാരിക ഐക്യം ശക്തിപ്പെടുകയും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ തമ്മിലുള്ള ബന്ധവും വളരും, യോഗി ആദിത്യനാഥ് പറഞ്ഞു.
















