കാട്ടില്‍ക്കൂട്ട് കടന്നലുണ്ട്, നറുപൂ
മാധുര്യവുംശേഖരി-
ച്ചീടും മക്ഷികയുണ്ടവയ്‌ക്ക്
പറയാനായുണ്ട് സന്ദേശവും
കൂട്ടായ് റാണിയെ വട്ടമിട്ട്,
പരമാത്മാവിന്നെ ജീവന്‍സമം,
നാട്ടാരെത്തി മനസ്സുചേര്‍ത്തിടുകയായ്
പൂങ്കാവനക്കുന്നിതില്‍
(കാട് പഠിപ്പിക്കുന്നത് ഏറെയാണ്, പലതാണ്. കാണുന്നതെന്തും നല്‍കുന്ന സന്ദേശം ജീവിതത്തിന്റേതാണ്, ജീവിതത്തിന്റെ പരമ ലക്ഷ്യമായ മോക്ഷത്തിന്റേതാണ്. വേദാന്തമാണ്, തത്ത്വജ്ഞാനമാണ്.
കടന്നലും തേനീച്ചയും മലയാത്രയില്‍ വനത്തില്‍ കൂട്ടുണ്ട് അയ്യപ്പന്മാര്‍ക്ക്. ആ തേനീച്ചക്കൂട്ടം തേന്‍ ശേഖരിക്കലെന്ന സ്വകര്‍മ്മം ചെയ്യുമ്പോഴും റാണിയെ ചുറ്റിയാണ്, കേന്ദ്രീകരിച്ചാണത് പറക്കുന്നത്. ആ തേനീച്ച പഠിപ്പിക്കുകയാണ് ജീവാത്മാക്കളായ നമ്മള്‍ സ്വധര്‍മ്മവും കര്‍മ്മവും നിര്‍വഹിക്കുമ്പോഴും പരമാത്മാവെന്ന ചൈതന്യത്തെ ചുറ്റിപ്പറ്റിയാവണം, അതില്‍ കേന്ദ്രീകരിച്ചാവണം എന്തും ചെയ്യേണ്ടത് എന്ന്. അങ്ങനെ മലയിലെ ആത്മീയ ചൈതന്യമാകുന്ന റാണിയെത്തേടി എത്തുന്ന മക്ഷികകളാകുന്നു ഇവിടെ നാട്ടുകാര്‍)
















