തിരുവനന്തപുരം: സ്ത്രീ സമൂഹത്തോട് അല്‍പമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിയമസഭാ സാമാജികത്വം രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസ് തയാറാകണമെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
ജനങ്ങളെ സംബന്ധിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കല്‍ പ്രധാനപ്പെട്ട വിഷയമല്ല. കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായിരുന്നപ്പോള്‍ രാജിവെപ്പിക്കുകയായിരുന്നു വേണ്ടത്. തദ്ദേശ തെരഞ്ഞെടുപ്പിനുവേണ്ടി രാഹുലിന്റെ അറസ്റ്റ് മനഃപൂര്‍വ്വം പോലീസ് നീട്ടിക്കൊണ്ടുപോവുകയാണെന്നും മാരാര്‍ജി ഭവനില്‍ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്‌ട്രീയ ഗുരുക്കള്‍ ആയിട്ടുള്ള പല യുവനേതാക്കളും സംശയത്തിന്റെ നിഴലിലാണ്. രാഹുല്‍ നടത്തിയ പല തെറ്റായ പ്രവണതകളും നടപടികളും അത്തരം ആള്‍ക്കാരുടെ സഹായത്തോടുകൂടിയാണ് നടന്നത്. എല്ലാം അറിഞ്ഞുകൊണ്ട് കോണ്‍ഗ്രസിന്റെ പല നേതാക്കളും തെറ്റുകള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സന്തത സഹചാരിയും മെന്ററും ആയിട്ടുള്ള ഷാഫി പറമ്പിലിനുമെല്ലാം എത്രയോ വര്‍ഷങ്ങള്‍ക്കു മുന്നേ നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ട്. ബോധപൂര്‍വ്വം പരാതികള്‍ ഒതുക്കി തീര്‍ക്കുകയായിരുന്നു. അതുകൊണ്ടാണ് കൂട്ടുപ്രതികളുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളും മഹിളാ നേതാക്കളും പറയുന്നത്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവരോടുപോലും പരാതി അറിയിച്ചിട്ടും കോണ്‍ഗ്രസ് ഒരു നടപടിയും സ്വീകരിച്ചില്ല. ഇത്രയും കാലം രാഹുലിനെ നിയമസഭാ സാമാജികനായി സംരക്ഷിച്ചതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് നേതൃത്വത്തിനാണ്.
ഇത്രയും ഗുരുതരമായ കുറ്റകൃത്യം ബോധ്യമായിട്ടും തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകാനാണ് പോലീസിന്റെ നീക്കം. വലിയ ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നത് പോലും പോലീസാണ്. അത് വലിയ ഗൂഢാലോചനയാണ്. പോലീസിന്റെ നിരീക്ഷണത്തില്‍ തന്നെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്ളത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകട്ടെ എന്ന് കരുതി മനപൂര്‍വ്വം അറസ്റ്റ് വൈകിപ്പിക്കുകയാണ്. അതിന്റെ ഉത്തരവാദിത്വം പോലീസിനും സര്‍ക്കാരിനുമാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
















