ലൈംഗിക പീഡന കേസില്‍ ആണവകാശങ്ങള്‍ക്കു വേണ്ടിയാണല്ലോ രാഹുല്‍ ഈശ്വര്‍ ജയിലില്‍ പോയിരിക്കുന്നത്. നിരവധി ലൈംഗിക പീഡന ആരോപണങ്ങള്‍ നേരിടുകയും, കേസില്‍ പ്രതിയാവുകയും ചെയ്ത കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റു ഭയന്ന് ഒളിവില്‍ പോയിരിക്കുമ്പോഴാണ് ഈ നേതാവിന്റെ അവകാശം സംരക്ഷിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് രാഹുല്‍ ഈശ്വര്‍ ജയിലില്‍ പോയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി വാദിക്കാന്‍ അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഈശ്വര്‍ ജയിലിനകത്ത് നിരാഹാരം തുടരുകയുമാണ്.
യുവനേതാവിന്റെ ലൈംഗിക കടന്നാക്രമണങ്ങള്‍ക്ക് വിധേയരായ ഇരകള്‍ നേരിട്ടുവന്ന് പരാതിപ്പെടുകയും, പൊതുസമൂഹം ഞെട്ടുകയും, കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിരോധിക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുമ്പോഴാണ് മാങ്കൂട്ടത്തിലിനു വേണ്ടി വാദിക്കുമെന്നു പറഞ്ഞ് രാഹുല്‍ ഈശ്വര്‍ ധീരമായി തടവനുഭവിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ രാഹുല്‍ ഈശ്വര്‍, മാങ്കൂട്ടത്തിലിനു വേണ്ടി മാത്രമാണോ ഈ ത്യാഗം അനുഭവിക്കുന്നത്? അല്ലെന്നു പറയേണ്ടിവരും. ഒരേസമയം കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും വക്കാലത്താണ് രാഹുല്‍ ഈശ്വര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇത് എങ്ങനെയാണെന്നല്ലേ, വിശദീകരിക്കാം.
രാഹുല്‍ മാങ്കൂട്ടത്തില്‍ തങ്ങളെ അതിക്രൂരമായി പീഡിപ്പിക്കുകയും ശാരീരികമായി ദ്രോഹിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഒന്നിനു
പുറകെ ഒന്നായി നിരവധി യുവതികള്‍ രംഗത്ത് വരികയുണ്ടായി. ഒരു നിമിഷം പോലും പാഴാക്കാതെ ഈ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും എംഎല്‍എ സ്ഥാനത്തു നിന്നും കോണ്‍ഗ്രസ് രാജിവയ്‌പ്പിക്കേണ്ടതായിരുന്നു. പക്ഷേ അങ്ങനെയല്ല സംഭവിച്ചത്. രാജി തീരുമാനം രാഹുലിന്റെ വിവേചനാധികാരത്തിന് വിടുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ഇതില്‍ കൂടുതല്‍ എന്താണ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ധാര്‍മിക രോഷം കൊള്ളുകയും ചെയ്തു. ഞങ്ങളുടെ നേതാവിന് ഒരു തെറ്റുപറ്റിപ്പോയി, സമ്മതിക്കുന്നു. പക്ഷേ അതിന് ഒരു ചെറുപ്പക്കാരനെ തൂക്കിക്കൊല്ലാന്‍ പറ്റുമോ എന്ന ധ്വനിയാണ് ഇതില്‍ ഉണ്ടായിരുന്നത്.
കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ പലരും മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും പാര്‍ട്ടി നേതൃത്വം അത് ചെവിക്കൊണ്ടില്ല. പിന്നീട് സമാന സ്വഭാവമുള്ള അതിഗുരുതരമായ മറ്റുചില ആരോപണങ്ങള്‍ ഉയര്‍ന്നുവരുകയും, ജനങ്ങളില്‍ വലിയതോതില്‍ പ്രതിഷേധവും അമര്‍ഷവും ഉണ്ടാവുകയും ചെയ്തു. അപ്പോഴാണ് നില്‍ക്കക്കള്ളിയില്ലാതെ സസ്‌പെന്‍ഷന്‍ നടപടിയും, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിയും സംഭവിച്ചത്. പക്ഷേ എംഎല്‍എ സ്ഥാനത്ത് മാങ്കൂട്ടത്തില്‍ പിന്നെയും തുടര്‍ന്നു. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു.
തനിക്കെതിരെ എത്ര യുവതികള്‍ പരാതിയുമായി രംഗത്തുവന്നിട്ടുണ്ടെന്ന് എംഎല്‍എയ്‌ക്കു പോലും അറിയാത്ത സ്ഥിതിയായി. അപ്പോള്‍പോലും ജനപ്രതിനിധിയെന്ന നിലയ്‌ക്കുള്ള സ്വീകാര്യത കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കാന്‍ അവസരം നല്‍കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. പ്രതിഷേധം വകവയ്‌ക്കാതെ സ്വന്തം മണ്ഡലമായ പാലക്കാട് സമ്മേളനം നടത്തി ജനങ്ങളെ വെല്ലുവിളിക്കുകയും ചെയ്തു. തങ്ങള്‍ക്ക് പ്രശ്‌നമൊന്നുമില്ലെന്നും, പക്ഷേ ഭരണപക്ഷത്തെ കയ്യിലെടുത്തു കൊള്ളണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനോട് പറഞ്ഞിരിക്കാം. രാഹുല്‍- ശിവന്‍കുട്ടി കൂടിക്കാഴ്ച ഇതിന്റെ ഫലമായിരുന്നുവെന്ന് കരുതാം. ഒളിവില്‍ പോയ മാങ്കുട്ടത്തിലിന് അപ്പപ്പോള്‍ പോലീസിന്റെ സഹായവും ലഭിച്ചു എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നല്ലോ.
പരാതികളുടെ പ്രവാഹം തന്നെ ഉണ്ടായപ്പോഴും രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നൊരു മനോഭാവമാണ് ഈ നേതാക്കള്‍ സ്വീകരിച്ചത്. ഇത് എന്തുകൊണ്ടാണെന്ന് സമീപ ഭൂതകാലത്തെ വാര്‍ത്തകള്‍ ശ്രദ്ധിച്ചിട്ടുള്ളവര്‍ക്കൊക്കെ അറിയാം. പരസ്പരം കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകള്‍ തേഞ്ഞുമാഞ്ഞുപോയിട്ടില്ല. ഇതിനെക്കുറിച്ചൊക്കെ മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും അറിയാവുന്നതിനേക്കാള്‍ എത്രയോ അധികം കാര്യങ്ങള്‍ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനും മറ്റും അറിയാം. രാഹുല്‍ വെറുമൊരു വേട്ടക്കാരന്‍ അല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയാം. തന്റെ കാര്യത്തില്‍ മാത്രമല്ല അതിജീവിതകള്‍ ഉള്ളതെന്നും, തന്നെ സംരക്ഷിച്ചില്ലെങ്കില്‍ പലതും വലിച്ചു പുറത്തിടുമെന്നും രാഹുല്‍ അറിയിക്കേണ്ടവരെ അറിയിച്ചിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. എന്നെ മാത്രം ക്രൂശിച്ചിട്ട് മാന്യന്മാരായി നടക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് നിശ്ശബ്ദതയുടെ ഭാഷയില്‍ ഇയാള്‍ ഭീഷണിപ്പെടുത്തുന്നത് വാര്‍ത്താ ചാനലുകള്‍ കാണുന്നവരൊക്കെ തിരിച്ചറിഞ്ഞുകൊണ്ടിരുന്നു. ഒളിവില്‍ പോയപ്പോഴും കോണ്‍ഗ്രസ് നേതാക്കളുടെ സംരക്ഷണം മാങ്കൂട്ടത്തിലിന് ലഭിച്ചു എന്നതാണ് സത്യം. ഗത്യന്തരമില്ലാതെയാണ് ഇപ്പോഴത്തെ പുറത്താക്കല്‍ എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം.
ലൈംഗിക പീഡനം സംബന്ധിച്ച ആരോപണങ്ങളുടെയും കേസുകളുടെയും കാര്യമെടുക്കുമ്പോള്‍ കോണ്‍ഗ്രസില്‍ മാത്രമല്ല രാഹുല്‍ മാങ്കൂട്ടത്തിലിന് കൂട്ടാളികളുള്ളത്. സിപിഎം നേതാക്കള്‍ പ്രതിക്കൂട്ടിലായ കേസുകളില്‍ ഓരോ സംഭവത്തിന്റെയും തീവ്രത പ്രത്യേകം പ്രത്യേകം അളന്ന് നേതാക്കള്‍ തള്ളിക്കളയുന്നുണ്ടെങ്കിലും ജനങ്ങളുടെ കണ്ണില്‍ അവര്‍ കുറ്റക്കാരാണ്. പേരുകള്‍ ഓര്‍മ്മിച്ചെടുക്കേണ്ട ആവശ്യമില്ലാത്ത വിധം വേട്ടക്കാര്‍ എത്രവേണമെങ്കിലും സിപിഎമ്മിലുണ്ട്. ചര്‍മ്മബലം കൊണ്ടും അധികാരത്തിലുള്ള സ്വാധീനംകൊണ്ടുമാണ് ഇവരൊക്കെ ‘അന്തസ്സുള്ളവരായി’ നടക്കുന്നത്.
മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങള്‍ അവാസ്തവമാണെന്ന് ആരും കരുതുന്നില്ല. പക്ഷേ ഇപ്പോഴത്തെ ചില വെളിപ്പെടുത്തലുകള്‍ക്കു പിന്നില്‍ രാഷ്‌ട്രീയമുണ്ട്. അയ്യപ്പ ഭക്തസംഗമം നടത്തി പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ട് നേടാം എന്ന തന്ത്രം പൊളിഞ്ഞിരിക്കുന്നു. ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള നടത്തിയ സിപിഎമ്മിലെയും സര്‍ക്കാരിലെയും ദേവസ്വം ബോര്‍ഡിലെയും പിണറായിമാര്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് പിടിയിലായ സംഭവങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ഒരു കോലാഹലം ആവശ്യമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പതിനൊന്നാം മണിക്കൂറില്‍ പുതിയൊരു വെളിപ്പെടുത്തലും അറസ്റ്റുമായി പിണറായിയുടെ പോലീസ് രംഗത്തു വന്നത് ഇതുകൊണ്ടാണ്. അതിജീവിതമാര്‍ക്ക് നീതി ലഭിക്കാനാണ് ഇതെങ്കില്‍ ഈ അറസ്റ്റ് എത്രയോ നേരത്തെ ആകാമായിരുന്നു. മാത്രമല്ല മാര്‍ക്‌സിസ്റ്റ് മാങ്കൂട്ടത്തില്‍പ്പെട്ടവരും അറസ്റ്റിലാവേണ്ടിയിരുന്നു.
കോണ്‍ഗ്രസുകാരും സിപിഎമ്മുകാരും എത്ര കണ്ട് തള്ളിപ്പറഞ്ഞാലും ഈ പാര്‍ട്ടികളിലെ വേട്ടക്കാരുടെ ‘ധാര്‍മിക പിന്തുണ’ രാഹുല്‍ മാങ്കൂട്ടത്തിലിനുണ്ട്. ഇവരുടെ ആണവകാശങ്ങള്‍ക്കു വേണ്ടിയാണ് രാഹുല്‍ ഈശ്വര്‍ ജയിലില്‍ കിടക്കുന്നത്.
















