ജറുസലേം: അടിയന്തര വൈദ്യസഹായത്തിന് ഗാസയില്‍ നിന്ന് പലസ്തീന്‍കാര്‍ക്കു പുറത്തേക്ക് പോകാന്‍ റഫാ അതിര്‍ത്തി തുറന്നുകൊടുക്കുമെന്ന് ഇസ്രയേല്‍. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പരിക്കേറ്റവരും രോഗികളുമായ 16,500 പലസ്തീന്‍കാര്‍ക്ക് അടിയന്തര സഹായം ആവശ്യമുണ്ട്.
അതേസമയം, ഹമാസ് കൈമാറിയ അവസാനത്തെ രണ്ട് ബന്ദികളുടെ മൃതദേഹഭാഗങ്ങള്‍ ഫൊറന്‍സിക് പരിശോധനയില്‍ തങ്ങളുടേതല്ലെന്ന് തെളിഞ്ഞതായി ഇസ്രയേല്‍ അറിയിച്ചു. ഇതോടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഹമാസ് വീണ്ടും തെരച്ചില്‍ തുടരുകയാണ്.
ഇസ്രയേലി പൗരനായ റാൻ ഗ്വിലി, തായ് പൗരനായ സുക്തിസാക്ക് റിന്തലക് എന്നിവരുടെ മൃതദേഹാവശിഷ്‌ടങ്ങളാണ് ഗാസയിൽ ശേഷിക്കുന്നത്. തായ്‌ലൻഡിൽ നിന്നുള്ള കാർഷിക തൊഴിലാളിയായ റിന്തലക് ആക്രമണത്തിൽ ഏറെ നാശനഷ്‌ടമുണ്ടായ കിബ്ബൂത്സ് ബേരിയിലെ ജീവനക്കാരനായിരുന്നു. ഈ മൃതദേഹങ്ങൾ കൂടി കൈമാറുന്നതോടെ വെടിനിർത്തൽ കരാറിന്റെ ഒന്നാംഘട്ടം അവസാനിക്കും. രണ്ടാംഘട്ടത്തിലാണ് രാജ്യാന്തര സേന ഗാസയുടെ സുരക്ഷാ ചുമതല ഏറ്റെടുക്കുക.
വെടിനിര്‍ത്തല്‍ നിലനില്‍ക്കെ ഒക്ടോബര്‍ ആദ്യ വാരം മുതല്‍ ഇതുവരെ 20 ബന്ദികളെ ജീവനോടെയും 26 പേരുടെ മൃതദേഹ അവശിഷ്‌ടങ്ങളായും തിരികെ ലഭിച്ചിട്ടുണ്ടെന്ന് ഇസ്രയേല്‍ അറിയിച്ചു. അതേസമയം ഒരു ബന്ദിയുടെ മൃതദേഹത്തിനായി ഇസ്രയേല്‍ 25 പലസ്‌തീനുകാരുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 330 മൃതദേഹ അവശിഷ്‌ടങ്ങളാണ് ലഭിച്ചത്.
മൃതദേഹങ്ങളെ സംബന്ധിച്ച് ഹമാസ് പ്രതികരണം നടത്തിയിരുന്നു. യുദ്ധത്തില്‍ ഗാസയിലുണ്ടായ വ്യാപകമായ നാശനഷ്‌ടം കാരണം മൃതദേഹങ്ങള്‍ കണ്ടെത്തുന്നത് ശ്രമകരമാണെന്ന് ഹമാസ് ഇസ്രയേലിനെ അറിയിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള ഹമാസിന്റെ പ്രതികരണങ്ങളോട് ഇസ്രയേല്‍ അതൃപ്‌തി പ്രകടിപ്പിക്കുകയാണ് ചെയ്‌തത്. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഇസ്രയേല്‍ നടത്തിയ ടണല്‍ ഓപ്പറേഷനില്‍ 40 ലധികം പലസ്‌തീനികളാണ് കൊല്ലപ്പെട്ടത്. ഗാസയിലെ തുരങ്കങ്ങളില്‍ അതിജീവിക്കുന്നവരെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്. നാല് പേരെ കൊന്നതായി ഇസ്രയേല്‍ ഹമാസിനെ ആദ്യമെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ടണല്‍ ഓപ്പറേഷനില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് ഇസ്രയേല്‍ പുറത്ത് വിടുന്നത്.
















