തിരുവനന്തപുരം: മണ്ഡല – മകര വിളക്ക് സീസണിലെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരം -മംഗളൂരു റൂട്ടില്‍ പ്രതിവാര ശബരിമല സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു.
മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് കാസര്‍കോട് വഴി ഡിസംബര്‍ ഏഴ് മുതല്‍ ജനുവരി 18 വരെ സര്‍വീസ് നടത്തുന്ന ട്രെയിനിന് 18 സ്റ്റോപ്പുകളുണ്ട്. മംഗളൂരു ജംഗ്ഷന്‍ – തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) പ്രതിവാര സ്പെഷ്യല്‍ ട്രെയിന്‍ ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തും.
വൈകിട്ട് ആറിന് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന (06041) ട്രെയിന്‍ പിറ്റേന്ന് രാവിലെ 6:30ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും. മടക്കയാത്രയില്‍ തിരുവനന്തപുരം നോര്‍ത്ത് – മംഗളൂരു ജംഗ്ഷന്‍ (06042) പ്രതിവാര സ്പെഷ്യല്‍ ഡിസംബര്‍ എട്ട് മുതല്‍ ജനുവരി 19 വരെയുള്ള തിങ്കളാഴ്ചകളിലാണ് സര്‍വീസ് നടത്തുക. രാവിലെ 8.30 ന് പുറപ്പെട്ട് രാത്രി 8.30 ന് മംഗളൂരു ജംഗ്ഷനില്‍ എത്തിച്ചേരും. ഒരു എസി ടു ടയര്‍, മൂന്ന് എസി ത്രീ ടയര്‍, 15 സ്ലീപ്പര്‍ കോച്ച്, 2 ഭിന്നശേഷി കോച്ച് എന്നിവയാണ് ട്രെയിനിലുള്ളത്.














